കിളിച്ചുണ്ടന്‍മാമ്പഴം അടക്കം മലയാളത്തിലും ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരസുന്ദരിയാണ് സൗന്ദര്യ. പേര് സൂചിപ്പിക്കുന്നത് പോലെ അതീവ സുന്ദരിയായ നടി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടിട്ട് ഇരുപത് വര്‍ഷത്തിന് മുകളിലായി. ഇടയ്ക്ക് നടിയുടെ മരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും പുതിയ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
തെലുങ്കിലെ പ്രമുഖ നടന്‍ മോഹന്‍ ബാബുവും സൗന്ദര്യയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ നടിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണക്കാരന്‍ മോഹന്‍ ബാബുവാണെന്നും അദ്ദേഹം നടിയെ കൊലപ്പെടുത്തിയത് ആണെന്നും തുടങ്ങിയുള്ള ആരോപണമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൗന്ദര്യയുടെ ഭര്‍ത്താവായിരുന്ന ജി എസ് രഘു.
ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച മരണങ്ങളില്‍ ഒന്നായിരുന്നു നടി സൗന്ദര്യയുടേത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സഹോദരനൊപ്പം ഹെലികോപ്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അത് പൊട്ടിത്തെറിച്ച് നടി മരണപ്പെടുന്നത്. മരിക്കുന്ന സമയത്ത് ഏഴ് മാസം ഗര്‍ഭിണിയായ സൗന്ദര്യയ്ക്കുണ്ടായ ദുര്‍വിധി ഇന്നും ഒരു വിങ്ങലോടെയാണ് ഓര്‍മ്മിക്കാന്‍ സാധിക്കുക.
മരിച്ച് 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗന്ദര്യയുടെ മരണം ഒരു കൊലപാതകമായിരുന്നുവെന്നും നടന്‍ മോഹന്‍ ബാബു നടിയെ അപകടത്തില്‍പ്പെടുത്തിയത് ആണെന്നും പറഞ്ഞ് ഒരാള്‍ രംഗത്ത് വരുന്നത്. നടനെതിരെ പരാതി കൊടുത്തതിന് പിന്നാലെ വിമർശനം ഉയർന്നെങ്കിലും വിഷയത്തിൽ വ്യക്തത വരുത്തി സൗന്ദര്യയുടെ ഭര്‍ത്താവ് രഘു പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
'രഘുവിൻ്റെ വാക്കുകളിങ്ങനെയാണ്...
'ഹൈദരാബാദിലെ ഒരു വസ്തുവുമായി ബന്ധപ്പെട്ട് മോഹന്‍ ബാബുവിന്റെ പേരിനൊപ്പം സൗന്ദര്യയുടെ പേരും അനാവശ്യമായി ചേർത്ത് പറയുകയാണ്. ഇതെല്ലാം അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ്. എന്റെ ഭാര്യയുടെ സ്വത്തുക്കൾ മോഹന്‍ ബാബു അനധികൃതമായി പിടിച്ചെടുത്തിട്ടില്ല. എനിക്ക് അറിയാവുന്നിടത്തോളം അദ്ദേഹവും ഞങ്ങളും തമ്മില്‍ വസ്തു ഇടപാടുകളൊന്നുമില്ല. സൗന്ദര്യയുടെ മരണത്തിന് ശേഷം 21 വര്‍ഷത്തിലേറെയായിട്ടും മോഹന്‍ ബാബുവുമായി നല്ല സൗഹൃദമുണ്ട്.
സൗന്ദര്യയും അവളുടെ സഹോദരനും അമ്മയും തുടങ്ങി എല്ലാവരുമായി മോഹന്‍ ബാബു നല്ല ബന്ധത്തിലായിരുന്നു. ഇപ്പോഴും അദ്ദേഹത്തിനൊപ്പം നില്‍ക്കാനും സത്യമെന്താണെന്ന് പറയാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വീണ്ടും പറയുകയാണ് മോഹന്‍ ബാബുവിന്റെ കുടുംബവുമായി ഞങ്ങള്‍ക്ക് സ്വത്ത് ഇടപാടുകളൊന്നുമില്ല. അതൊക്കെ തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും അതുകൊണ്ട് ദയവുചെയ്ത് ഇങ്ങനെയൊന്നും പ്രചരിപ്പിക്കരുതെന്നുമാണ്'' രഘു വ്യക്തമാക്കുന്നത്.
മോഹന്‍ ബാബുവിനും സൗന്ദര്യയ്ക്കും കൂടി ആറ് ഏക്കര്‍ ഭൂമി ഉണ്ടായിരുന്നുവെന്നും അത് വില്‍ക്കാന്‍ മോഹന്‍ ബാബു ആവശ്യപ്പെട്ടപ്പോള്‍ നടിയും സഹോദരനും അത് നിഷേധിച്ചെന്നുമാണ് വാര്‍ത്തകള്‍. ഇതോടെ ഇവരെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത് നടനാണെന്നും അങ്ങനെയാണ് ആ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചതെന്നുമാണ് പുതിയ ആരോപണം. ഈ വിഷയത്തില്‍ മോഹന്‍ ബാബുവിന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും.
#soundarya #husband #raghu #clarification #about #new #allegations #against #mohanbabu