(moviemax.in ) ബോഡി ഷെയിമിങ് എന്ന വാക്ക് പുതിയതാണ്. കുറച്ച് വർഷങ്ങളെ ആയിട്ടുള്ളു ഇങ്ങനൊരു വാക്ക് ആളുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടും അതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടും. പക്ഷെ വർഷങ്ങളായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, കണ്ണ് ചെറുതായതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ എല്ലാം ആളുകൾ പരിഹസിക്കപ്പെടുന്നു. ദേശ-ലിംഗ-ഭാഷാ വ്യത്യാസമില്ലാതെ ലോകം ആളുകളെ ഇങ്ങനെ അവമതിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്.
ബോഡി ഷെയ്മിങ് സോഷ്യൽമീഡിയ സജീവമായതോടെ കമന്റുകളിലൂടെയും വ്യാപകമായി നടക്കുന്നുണ്ട്. നടി ഹണി റോസ് അടക്കമുള്ള അഭിനേത്രികൾ അതിന്റെ ഇരകളുമാണ്. തന്റെ ശരീരത്തിന്റെ പേരിൽ ബോബി ചെമ്മണ്ണൂർ ലൈംഗീകാധിക്ഷേപം നടത്തിയതിന് എതിരെയുള്ള നിയമ യുദ്ധത്തിലാണിപ്പോൾ ഹണി റോസ്.
പലരും കുശലാന്വേഷണം നടത്തുന്നതും കൺസേൺഡാണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയും എല്ലാം ഇത്തരം ബോഡി ഷെയ്മിങ് കമന്റുകളാണ് ഉപയോഗിക്കാറുള്ളത്. ഒരാളെ കാണുന്നതെ നെഗറ്റീവായ പരാമർശങ്ങൾ നടത്തുക എന്നത് ചിലരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. നെഗറ്റീവ് വ്യക്തിത്വമുള്ളവരും സ്വന്തമായി എന്തെങ്കിലും കുറവുകളോ അത് സംബന്ധിച്ച കോപ്ലക്സോ ഉള്ളവരും ഇത്തരം അവമതിക്കുന്ന തരം പരാമർശങ്ങൾ പതിവായി നടത്താറുണ്ട്.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് ഒരു നടിക്കെതിരെ സംവിധായകൻ പരസ്യമായി പൊതുവേദിയിൽ നടത്തിയ ബോഡി ഷെയ്മിങ് പരാമർശമാണ്. തെലുങ്കിലാണ് സംഭവം. ത്രിനാഥ റാവു നാക്കിനയാണ് നടി അൻഷുവിനെ പൊതുവേദിയിൽ വെച്ച് പരിഹസിച്ചത്.
ത്രിനാഥ റാവു നാക്കിനയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമയിലെ നായികയാണ് അൻഷു. ത്രിനാഥ റാവു നാക്കിന സംവിധാനം ചെയ്ത് സന്ദീപ് കിഷൻ, റിതു വർമ്മ, അൻഷു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മസാക്ക എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ഞായറാഴ്ച ഹൈദരാബാദിൽ വെച്ച് നടന്നിരുന്നു. ഈ ചടങ്ങിൽ വെച്ചാണ് അൻഷുവിന്റെ ശരീര വലുപ്പത്തെക്കുറിച്ച് ത്രിനാഥ ചില അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.
പ്രസംഗത്തിനിടെ സംവിധായകൻ നടിയെ കുറിച്ച് പറഞ്ഞ വാക്കുകളുടെ വീഡിയോ അതിവേഗത്തിൽ സോഷ്യൽമീഡിയയിൽ വൈറലായി. ഇതോടെ സെലിബ്രിറ്റികൾ അടക്കമുള്ളവ നിരവധി പേർ അദ്ദേഹത്തിന് എതിരെ വിമർശനവുമായി രംഗത്തെത്തി. 2002ൽ പുറത്തിറങ്ങിയ നാഗാർജുനയുടെ മൻമധുഡു സിനിമയിലെ നായികയ്ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൻ്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ടാണ് ത്രിനാഥ റാവു നാക്കിന പ്രസംഗം ആരംഭിച്ചത്.
അൻഷു, ഈ പെൺകുട്ടി എങ്ങനെ കാണപ്പെടുന്നുവെന്ന് നോക്കു. ഞാൻ അത്ഭുതപ്പെടുകയായിരുന്നു. അൻഷു എങ്ങനെയായിരുന്നുവെന്ന് അറിയില്ലെങ്കിൽ മൻമധുഡു സിനിമ കാണുക. മൻമധുഡു ഒന്നിലധികം തവണ ഞാൻ കണ്ടത് അൻഷുവിന് വേണ്ടി മാത്രമാണ്. മൻമധുഡു സിനിമയിലേത് പോലെയാണോ ഇപ്പോഴും അൻഷുവെന്ന് നിങ്ങൾ തന്നെ നോക്കി പറയൂ. അൻഷു ഇപ്പോഴും അങ്ങനെയാണോ?. വല്ലാതെ മെലിഞ്ഞിരിക്കുന്നു.
തെലുങ്ക് സിനിമയ്ക്ക് ഇതുപോരെന്നും ആയതിനാൽ ഞാൻ അവളോട് ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവൾ ഇപ്പോൾ മെച്ചപ്പെട്ടു. ഇനി കൂടുതൽ മെച്ചപ്പെടും എന്നാണ് സംവിധായകൻ പറഞ്ഞത്. ത്രിനാഥ റാവുവിന്റെ പ്രസംഗം അവസാനിക്കും വരെ വളരെ അസ്വസ്ഥയായിരുന്നു നടി അൻഷു. സംവിധായകന്റെ പരാമർശം നടിയെ ബാധിച്ചുവെന്നത് ശരീര ഭാഷയിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.
ഏറ്റവും മോശം പ്രസ്താവനയും മോശം മാനസികാവസ്ഥയും. നായകൻ സന്ദീപ് കിഷനും സംവിധായകന്റെ ബോഡി ഷെയ്മിങ് തമാശ ബോധിച്ചിട്ടില്ല. അദ്ദേഹത്തിനും അസ്വസ്ഥത അനുഭവപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്, സംവിധായകന്റെ പ്രസംഗത്തിൽ നിന്നും തമാശ കണ്ടെത്താൻ കഴിഞ്ഞില്ല. അശ്ലീലമായിട്ടാണ് തോന്നിയത് എന്നിങ്ങനെ നീളുന്നു സംവിധായകനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾ.
#telugu #director #trinadharaonakkina #faces #backlash #over #controversial #comments #heroine #anshu