---
title: "ഭാവി വരന് 100 ഏക്കർ ഭൂമി വേണം, വീട്ടുജോലിയും ചെയ്യണം; മീനാക്ഷി ചൗധരിയുടെ വിവാഹ സങ്കൽപ്പം കേട്ട് അമ്പരന്ന് ആരാധകർ"
english_title: "Fans are surprised to hear Meenakshi Chaudhary's wedding concept"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346810/fans-are-surprised-to-hear-meenakshi-chaudharys-wedding-concept"
published_at: "2026-03-10T14:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afdd1c08414_Fans_are_surprised_to_hear_Meenakshi_Chaudharys_wedding_concept.jpg"
keywords: []
---

# ഭാവി വരന് 100 ഏക്കർ ഭൂമി വേണം, വീട്ടുജോലിയും ചെയ്യണം; മീനാക്ഷി ചൗധരിയുടെ വിവാഹ സങ്കൽപ്പം കേട്ട് അമ്പരന്ന് ആരാധകർ

> **Lead Summary:** 'ലക്കി ഭാസ്കറിലെ' സുമതിയായും 'ദി ഗോട്ടിലെ' പ്രകടനത്തിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മീനാക്ഷി ചൗധരിയുടെ പുത്തൻ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിനിടെ തന്റെ ഭാവി വരനെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്.

## Article Content

'ലക്കി ഭാസ്കറിലെ' സുമതിയായും 'ദി ഗോട്ടിലെ' പ്രകടനത്തിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മീനാക്ഷി ചൗധരിയുടെ പുത്തൻ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിനിടെ തന്റെ ഭാവി വരനെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്.

'എന്നെ വിവാഹം കഴിക്കുന്ന പയ്യന് കുറഞ്ഞത് 100 ഏക്കർ ഭൂമി എങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. കൂടാതെ പാചകം ചെയ്യാനും വസ്ത്രങ്ങൾ അലക്കാനും അവ തേയ്ക്കാനും അറിയണം. വീട്ടുജോലികൾ എല്ലാം ഉത്തരവാദിത്തത്തോടെ നോക്കി നടത്താൻ കഴിയുന്ന ആളായിരിക്കണം. അടിസ്ഥാന ജോലികൾ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പങ്കാളി പ്രാപ്തനായിരിക്കണം', എന്നായിരുന്നു മീനാക്ഷി തമാശരൂപേണ പറഞ്ഞത്. ഇതിന് പിന്നാലെ നടിയെ അനുകൂലിച്ചും ട്രോളിയും നിരവധി പേർ എത്തി. 'ഈ നൂറ് ഏക്കർ, അതെന്തിനാകും? 100 ഏക്കറുണ്ടെങ്കിൽ അവൻ എന്തിന് നിങ്ങളുടെ പുറകെ വരണം, ഇതിനർത്ഥം അവർക്ക് വേണ്ടത് ഭർത്താവിനെയല്ല, വീട്ടു ജോലിക്കാരനെയാണ്', എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്.

ദുൽഖർ ചിത്രം ലക്കി ഭാസ്കറിൽ സുമതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക്ക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. മലയാളത്തിൽ അല്ലാതെ മറ്റൊരു ഭാഷയിൽ 100 കോടി നേടുന്ന നടൻ എന്ന പേരും ലക്കി ഭാസ്കറിലൂടെ ദുൽഖർ സ്വന്തമാക്കിയിരുന്നു. ലക്കി ഭാസ്‌കറിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് സംവിധായകൻ അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടായിരുന്നു ദുൽഖർ ചിത്രത്തില്‍ എത്തിയത്. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിലും ലക്കി ഭാസ്കർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346810/fans-are-surprised-to-hear-meenakshi-chaudharys-wedding-concept)