---
title: "വിജയ് ആരാധകർക്ക് വീണ്ടും നിരാശ; 'ജനനായകന്റെ' സെൻസർ നടപടികൾ മുടങ്ങി; റിലീസ് ഇനിയും വൈകും"
english_title: "'Jananayakan' censor process stalled; release to be delayed further"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346574/jananayakan-censor-process-stalled-release-to-be-delayed-further"
published_at: "2026-03-09T12:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae732d7ab64_release_to_be_delayed_further.jpg"
keywords: []
---

# വിജയ് ആരാധകർക്ക് വീണ്ടും നിരാശ; 'ജനനായകന്റെ' സെൻസർ നടപടികൾ മുടങ്ങി; റിലീസ് ഇനിയും വൈകും

> **Lead Summary:** സെൻസർ ബോർഡ് അനുമതി വൈകുന്നതിനെത്തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായ വിജയ് ചിത്രം 'ജനനായകന്' വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ തുടർനടപടികൾക്കായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നിശ്ചയിച്ചിരുന്ന സി.ബി.എഫ്.സി റിവൈസിംഗ് കമ്മിറ്റി സ്ക്രീനിംഗ് മുടങ്ങി. കമ്മിറ്റിയിലെ ഒരംഗത്തിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് സ്ക്രീനിംഗ് മാറ്റിവെക്കാൻ കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

## Article Content

സെൻസർ ബോർഡ് അനുമതി വൈകുന്നതിനെത്തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായ വിജയ് ചിത്രം 'ജനനായകന്' വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ തുടർനടപടികൾക്കായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നിശ്ചയിച്ചിരുന്ന സി.ബി.എഫ്.സി റിവൈസിംഗ് കമ്മിറ്റി സ്ക്രീനിംഗ് മുടങ്ങി. കമ്മിറ്റിയിലെ ഒരംഗത്തിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് സ്ക്രീനിംഗ് മാറ്റിവെക്കാൻ കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്നത്തെ സ്ക്രീനിംഗ് സുഗമമായി നടന്നിരുന്നെങ്കിൽ ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തിക്കാൻ അണിയറപ്രവർത്തകർ ലക്ഷ്യമിട്ടിരുന്നു. എന്നാൽ സ്ക്രീനിംഗ് മുടങ്ങിയതോടെ റിലീസ് തീയതി ഇനിയും നീളാനാണ് സാധ്യത. മാറ്റിവെച്ച സ്ക്രീനിംഗ് എന്ന് നടക്കുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ നീളുന്നത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ഒരു മാസം മുന്‍പ് പിന്‍വലിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കോടതിയിലെ നിയമ പോരാട്ടം തുടര്‍ന്നാല്‍ റിലീസ് അനിശ്ചിതത്വം തുടരുമെന്നതാണ് നിര്‍മ്മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സിംഗിള്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയാല്‍ നടപടികള്‍ ആരംഭിക്കാന്‍ തന്നെ ചുരുങ്ങിയത് 20 ദിവസമെങ്കിലുമെടുക്കും. അതിന് ശേഷം സെന്‍സര്‍ ബോര്‍ഡിന് എട്ട് ആഴ്ച വരെ സമയം നല്‍കാന്‍ കോടതിക്ക് സാധിക്കും.

സിംഗിള്‍ ബെഞ്ചില്‍ നിന്ന് ഒരു അനുകൂല ഉത്തരവുണ്ടായാല്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകും. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സുപ്രീം കോടതിയിലേക്കും വ്യവഹാരം നീളും. നിയമപോരാട്ടവുമായി മുന്നോട്ട് പോകുന്നപക്ഷം ചിത്രം എപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരും. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് നീളും തെരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് തിരിച്ചടി നേരിട്ടാല്‍ വിജയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ലഭിക്കണമെന്നില്ല. ഇതൊക്കെ മുന്നില്‍ കണ്ടാണ് സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346574/jananayakan-censor-process-stalled-release-to-be-delayed-further)