---
title: "ഡിസ്ട്രിബ്യൂട്ടറുടെ പരിഹാസത്തിന് 100 കോടിയുടെ മറുപടി; മാസ് എൻട്രിയുമായി സാമന്ത"
english_title: "Samantha, Maa Inti Bangaram, Box Office Collection"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372078/samantha-maa-inti-bangaram-box-office-collection"
published_at: "2026-07-13T09:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a546710de7c6_samntha.jpg"
keywords: ["Latest News", "Samantha", "MaInti Bangaram", "100Crore Club"]
---

# ഡിസ്ട്രിബ്യൂട്ടറുടെ പരിഹാസത്തിന് 100 കോടിയുടെ മറുപടി; മാസ് എൻട്രിയുമായി സാമന്ത

> **Lead Summary:** **[**നടി സാമന്ത പ്രധാന വേഷത്തിലെത്തിയ 'മാ ഇന്‍ടി ബംഗാരം' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. നൂറ് കോടിയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. സാമന്തയുടെ തന്നെ ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

## Article Content

**[**നടി സാമന്ത പ്രധാന വേഷത്തിലെത്തിയ 'മാ ഇന്‍ടി ബംഗാരം' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. നൂറ് കോടിയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. സാമന്തയുടെ തന്നെ ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സിനിമ 100 കോടി ക്ലബിലെത്തിയ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം സിനിമയുടെ റിലീസിന് മുന്‍പായി ഒരു ഡിസ്ട്രിബ്യൂട്ടര്‍ പറഞ്ഞ വാക്കുകളും സാമന്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്.

സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍ എങ്ങനെയുണ്ടാകുമെന്ന് സാമന്തയുടെ സുഹൃത്ത് ഡിസ്ട്രിബ്യൂട്ടറോട് ചോദിച്ചപ്പോള്‍ 'ഒരു നായികയുടെ പടം കാണാന്‍ ആര് വരാനാണ്' എന്നായിരുന്നു മറുപടി എന്നാണ് സാമന്ത പറയുന്നത്.

അന്ന് അങ്ങനെ പറഞ്ഞവര്‍ പതിയെ തിരുത്തി പറയാന്‍ തുടങ്ങുമെന്നാണ് സാമന്ത വാക്കുകള്‍.' മാ ഇന്‍ടി ബംഗാരം റിലീസ് ചെയ്യുന്നതിന് മുന്‍പ് ആര്‍ക്കെങ്കിലും ഇങ്ങനെയൊരു സിനിമ വരുന്നത് അറിയാമോ എന്നായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്.

ബി ലെവല്‍ തിയേറ്ററിലെ ഡിസ്ട്രിബ്യൂട്ടറെ എന്റെ സുഹൃത്ത് ആ സമയത്ത് വിളിച്ച് ഓപ്പണിങ് ഡേ എങ്ങനെയുണ്ടാകുമെന്ന് ചോദിച്ചു. ഞാനും ഫോണിന്റെ ഇങ്ങേ തലയ്ക്കലിരുന്ന് എല്ലാം കേള്‍ക്കുന്നുണ്ട് എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.

'ആരെങ്കിലും ഒരു നായികയുടെ പടം കാണാന്‍ വരുമോ. വലിയ ഹീറോയുടെ പടമാണെങ്കിലെ ആളുകള്‍ വരൂ. ഹീറോയിന്റെ സിനിമ കാണാന്‍ ആരും വരില്ല. അവരുടെ ഗ്ലാമര്‍ മാത്രമാണ് ആളുകള്‍ക്ക് അറിയുന്നത്' എന്നായിരുന്നു അയാളുടെ മറുപടി. മാ ഇന്‍ടി ബംഗാരം ഇറങ്ങുന്നതിന് മുന്‍പ് എല്ലാവരും അങ്ങനെയൊക്കെ തന്നെയായിരുന്നു വിചാരിച്ചിരുന്നത്.

ആരെങ്കിലും റിസ്‌ക് എടുക്കാന്‍ തയ്യാറായാലെ എന്തെങ്കിലും മാറ്റം സംഭവിക്കുകയുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭൂരിഭാഗം സമയവും ആ പരിശ്രമത്തിന് പ്രതീക്ഷിച്ച ഫലം ലഭിച്ചേക്കില്ല.

പക്ഷെ വല്ലപ്പോഴുമൊരിക്കല്‍ ഫലം ലഭിക്കും. അതാണ് ഞങ്ങളുടെ കാര്യത്തില്‍ ഇത്തവണ സംഭവിച്ചത്. വലിയൊരു മാറ്റത്തിന്റെ ചെറിയൊരു തുടക്കമാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്.

ഇനി ആരെങ്കിലും ബി, സി തിയേറ്ററുകളിലെ ഡിസ്ട്രിബ്യൂട്ടര്‍മാരെ വിളിച്ച് ഫീമെയില്‍ ലെഡ് പടത്തെ കുറിച്ച് പറയുമ്പോള്‍ അവര്‍ എടുത്ത വായയില്‍ നോ പറയില്ല എന്ന് പ്രതീക്ഷിക്കാം. 'നോക്കട്ടെ' എന്ന് മറുപടി പറഞ്ഞേക്കാം,' സാമന്ത പറഞ്ഞു.

ജൂണ്‍ 19നാണ് മാ ഇന്‍ടി ബംഗാരം തിയേറ്ററുകളിലെത്തിയത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് രാജ് നിന്ദിമൊരുവും വസന്ത് മാരിഗാന്ദിയും പ്രഭാസ് ബൊപ്പുടിയും ചേര്‍ന്നാണ്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372078/samantha-maa-inti-bangaram-box-office-collection)