കമൽ ഹാസന്റെ മകളെന്ന പേരിലല്ലാതെ സിനിമാ ലോകത്ത് ശ്രദ്ധ നേടാൻ കഴിഞ്ഞ നടിയാണ് ശ്രുതി ഹാസൻ. ചെറുപ്പകാലം മുതൽ സ്വയം പര്യാപ്തയായ ശ്രുതി അച്ഛന്റെയും അമ്മയുടെയോ പിന്തുണയിൽ കരിയറിൽ മുന്നേറാൻ ആഗ്രഹിച്ചിട്ടില്ല.
ഹിന്ദി സിനിമാ രംഗത്താണ് ശ്രുതി തുടക്കം കുറിക്കുന്നത്. പിന്നീട് തെലുങ്കിലേക്കും തമിഴകത്തേക്കും കടന്ന് വന്നു. സൂപ്പർതാര സിനിമകളിൽ നായികയായെത്തിയ ശ്രുതിക്ക് കരിയറിൽ ഉയർച്ചയും വീഴ്ചയും ഒരുപോലെ സംഭവിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ നടിമാരിൽ അഭിപ്രായങ്ങൾ തുറന്ന് പറയുന്നയാളുമാണ് ശ്രുതി ഹാസൻ. നായിക നടിമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ശ്രുതി നേരത്തെ സംസാരിച്ചിട്ടുണ്ട്.
മഞ്ഞ് വീഴുന്ന തണുപ്പിൽ നടിമാർ ഷിഫോൺ സാരി ധരിച്ച് ഡാൻസ് ചെയ്യേണ്ടി വരുന്നത് ശ്രുതി ഒരിക്കൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇപ്പോഴിതാ ആർത്തവ സമയത്ത് നടിമാർക്കുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി.
ഈ ദിവസങ്ങളിൽ തനിക്കും പ്രയാസങ്ങളുണ്ടെങ്കിലും ആർത്തവത്തിന് സ്ത്രീകൾക്ക് അവധി കൊടുക്കുന്നത് സിനിമാ മേഖലയിൽ പ്രവർത്തികമല്ലെന്ന് ശ്രുതി പറയുന്നു.
ഒരു ഷൂട്ടിംഗ് ഡേറ്റ് തീരുമാനിച്ചാൽ ആ സീനിൽ ഒരുപാട് പേർ ഇൻവോൾവ് ചെയ്യുന്നു. ഒരു സിംഗിൾ ഷോട്ടിന് 500 പേരോളമുണ്ടാകും. അതിനാൽ ആർത്തവ അവധിക്കനുസരിച്ച് ഷെഡ്യൂൾ ചെയ്യാൻ പറ്റില്ല.
മറ്റ് മേഖലകളിൽ അത് ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ നല്ലതാണ്. ഹോളിവുഡിൽ ചില നടിമാരുടെ കരാറിൽ ആ ഡേറ്റുകൾ മാർക്ക് ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ആ ദിവസങ്ങളിൽ അവർ ഇമോഷണൽ സീനുകൾ ചെയ്യില്ല.
ആർത്തവത്തിന് അവധി കൊടുക്കുന്നത് സിനിമയുടെ ബഡ്ജറ്റിനെ ബാധിക്കും അത് ശരിയല്ലെന്നും ശ്രുതി ഹാസൻ അഭിപ്രായപ്പെട്ടു.
അതേസമയം ആർത്തവവുമുള്ള ദിവസങ്ങളിൽ ഞാൻ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. ഇതാണ് ഇന്നത്തെ എന്റെ പ്രശ്നം, എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കും. അതാണ് നല്ലതെന്ന് കരുതുന്നെന്നും ശ്രുതി പറഞ്ഞു.
ജീവിതത്തിൽ തനിക്കുള്ള ഭയത്തെക്കുറിച്ചും ശ്രുതി സംസാരിച്ചു. ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുന്നത് ഭയമാണ്. എല്ലാവർക്കും ആ ഭയമുണ്ടാകും. സുഹൃത്തുക്കളെയും മാതാപിതാക്കളെയും ഒരുപാട് സ്നേഹിക്കുമ്പോൾ അവരെ നഷ്ടപ്പെടാൻ നമ്മൾ ആഗ്രഹിക്കില്ല.
അത് വലിയ ഭയമാണ്. മറ്റൊന്നിലും വലിയ പേടിയില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. 2023 ൽ പുറത്തിറങ്ങിയ സലാറിൽ ആണ് ശ്രുതിയെ അവസാനമായി പ്രേക്ഷകർ കണ്ടത്. പ്രഭാസ് നായകനായ ചിത്രം മികച്ച വിജയം നേടി. കരിയറിൽ തുടരെ സിനിമകളുമായി ശ്രുതി ഇപ്പോൾ പ്രേക്ഷകർക്ക് മുമ്പിലെത്താറില്ല.
കരിയറിൽ താരത്തിന് ഇടയ്ക്കിടെ ഇടവേള വരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ആരാധകർക്കുണ്ട്. തെലുങ്കിൽ സലാറിന് മുമ്പ് നടി ചെയ്ത സിനിമകൾ വീര സിംഹ റെഡ്ഡിയും വാൾട്ടയാർ വീരയ്യയുമാണ്. തമിഴകത്താണ് അഭിനയ പ്രാധാന്യമുള്ള സിനിമകൾ കൂടുതലും ശ്രുതിക്ക് ലഭിച്ചത്. ത്രീ ഇതിനുദാഹരണമാണ്.
#They #dont #do #emotional #scenes #those #days #have #told #director #ShrutiHaasan