(moviemax.in)ഇന്ന് ബോളിവുഡിലെ മുൻനിര താരമാണെങ്കിലും കരിയറിലെ തുടരെ തിരസ്കരണങ്ങൾ നേരിടേണ്ടി വന്ന കാലഘട്ടം നടി വിദ്യ ബാലനുണ്ട്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാതായതോടെയാണ് നടി ബോളിവുഡിൽ ശ്രദ്ധ കൊടുക്കുന്നത്. ചക്രം എന്ന മലയാള സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്.
ഈ സിനിമ പകുതിക്ക് വെച്ച് മുടങ്ങിയതോടെ ഭാഗ്യമില്ലാത്ത നടിയായി വിദ്യ തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെട്ടു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു അഭിമുഖത്തിൽ വിദ്യ ബാലനിപ്പോൾ.
എന്റെ ആദ്യ സിനിമ മലയാളത്തിലാണ്. മോഹൻലാലിനൊപ്പം ചക്രം എന്ന സിനിമ. എന്നാൽ ഇടയ്ക്ക് വെച്ച് ഷൂട്ടിംഗ് നിന്നു. ഇതിനിടെ ഞാൻ ഒരുപാട് മലയാള സിനിമകൾ കമ്മിറ്റ് ചെയ്തു. എന്നാൽ ചക്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതോടെ എല്ലാ സിനിമകളിൽ നിന്നും എന്നെ മാറ്റി. ആ മൂന്ന് വർഷം വളരെ മോശമായിരുന്നു.
എന്റെ ആത്മവിശ്വാസം ചോർന്നു. അതെല്ലാം സംഭവിച്ചതിൽ ഇന്ന് സന്തോഷമുണ്ട്. അതാണ് എന്നെ ഞാനാക്കിയത്. എന്റെ ക്ഷമയെ പരീക്ഷിച്ച കാലമായിരുന്നു അത്.
അമ്മയുമായി അക്കാലത്ത് ഒരുപാട് വഴക്കുണ്ടാകുമായിരുന്നു. എന്താണ് നീ ചെയ്യുന്നത്, നിന്റെ എല്ലാ സുഹൃത്തുക്കളും പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.
നീ 11 മണിക്കാണ് എഴുന്നേൽക്കുന്നത്, ഇതെല്ലാം മറക്കൂ, സിനിമാ രംഗം നമ്മളെ പോലെയുള്ളവർക്ക് പറ്റിയതല്ല എന്നൊക്കെ അമ്മ പറയും.
ഈ പ്രാർത്ഥന ചൊല്ലൂ എന്നെല്ലാം അമ്മ പറയുമ്പോൾ എനിക്ക് ദേഷ്യം വരും. വർക്കില്ലാത്തതും കിട്ടിയ വർക്ക് നഷ്ടപ്പെടുന്നതും വളരെ മോശം അവസ്ഥയാണെന്നും വിദ്യ ബാലൻ തുറന്ന് പറഞ്ഞു.
ചക്രത്തിന് മുമ്പ് ഒരു ടെലിവിഷൻ ഷോ ചെയ്തപ്പോൾ അതും ടെലികാസ്റ്റ് ആയില്ല. ഭാഗ്യമില്ലാത്തവൾ എന്ന് ആളുകൾ പറയുന്നത് സത്യമായിരിക്കുമെന്ന് ഞാൻ കരുതാൻ തുടങ്ങി. എന്നാൽ അമിതാഭ് ബച്ചന് സഞ്ചീറിന് മുമ്പ് ഒരുപാട് തോൽവികൾ ഉണ്ടായിട്ടുണ്ട്.
സൗത്തിൽ ഹേമ മാലിനിയെ ചില സിനിമകളിൽ നിന്നും മാറ്റിയിട്ടുണ്ട്. തബു ആദ്യ സിനിമ റിലീസ് ചെയ്യാൻ ആറ് വർഷം കാത്തിരുന്നു. അവർക്കെല്ലാം ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് ചിന്തിച്ച് താൻ പ്രതീക്ഷയോടെ മുന്നോട്ട് പോയെന്നും വിദ്യ ബാലൻ വ്യക്തമാക്കി.
ചക്രം മുടങ്ങിയ ശേഷം ഒരു തമിഴ് സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയ അനുഭവവും വിദ്യ പങ്കുവെച്ചു. പ്രൊഡ്യൂസർ പറഞ്ഞത് ഈ നടി മലയാളത്തിൽ ചെയ്ത സിനിമ മുടങ്ങി, മോഹൻലാലിനും ഒരു വലിയ സംവിധായകനും ഒപ്പമായിരുന്നു സിനിമ. ഈ നടിയുടെ ജാതകം താൻ വായിച്ചിട്ടുണ്ട്, ശരിയല്ല എന്നാണ്.
എന്ത് അടിസ്ഥാനത്തിലാണ് എന്റെ ജാതകം വായിച്ചെന്ന് അയാൾ പറഞ്ഞതെന്ന് അറിയില്ല. എന്റെ ജന്മദിനമൊന്നും അയാൾക്കറിയില്ലായിരുന്നു. അവർ എന്നെ സിനിമയിൽ നിന്ന് മാറ്റി.
ഈ നിർമാതാവ് ചെയ്തത് ഞാൻ മറക്കില്ല. ഞാൻ കാണണമെന്ന് പറഞ്ഞു. ഞാനും മാതാപിതാക്കളും ചെന്നെെയിലെ ഓഫീസിൽ പോയി. ഷൂട്ട് ചെയ്ത എന്റെ സീനുകൾ കാണിച്ച് നോക്കൂ, ഏതെങ്കിലും ആംഗിളിൽ നായികയായി തോന്നുന്നുണ്ടോ എന്ന് മാതാപിതാക്കളോട് ചോദിച്ചു.
ആറ് മാസം ഞാൻ കണ്ണാടിയിൽ നോക്കിയില്ല. വാക്കുകൾ ആളുകളെ വേദനിപ്പിക്കും. ദയയോടെ ആളുകളോട് പെരുമാറാൻ ഈ സംഭവത്തിലൂടെ താൻ പഠിച്ചെന്നും വിദ്യ ബാലൻ വ്യക്തമാക്കി.
#vidyabalan #phace #her #life #chakram #movie #excluded #from #all #those #Malayalam #films