(moviemax.in)ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളെ വിമർശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഡേറ്റിംഗ് ആപ്പുകളിൽ പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുന്നത് നീചമായ കാര്യമാണെന്ന് കങ്കണ പറഞ്ഞു. ഒരിക്കലും അത്തരം പ്ലാറ്റ്‌ഫോമിലായിരിക്കാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യങ്ങളുണ്ട്. എന്നാൽ, നമ്മൾ അവയെ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് പ്രധാനം. ഡേറ്റിംഗ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലവിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ പ്രതികരണം.
സാധാരണക്കാരായ മിക്ക ആളുകളും ഡേറ്റിംഗ് ആപ്പുകളിൽ ആയിരിക്കാൻ ആഗ്രഹിക്കില്ലെന്ന് കങ്കണ പറഞ്ഞു. ആത്മവിശ്വാസം ഇല്ലാത്ത, ജീവിതത്തിൽ പരാജിതരാണെന്ന് സ്വയം ചിന്തിക്കുന്ന ആളുകളെയാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ ആകർഷിക്കുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ജോലിസ്ഥലങ്ങൾ, കോളേജുകൾ, അല്ലെങ്കിൽ കുടുംബം അന്വേഷിച്ച് കണ്ടെത്തുന്നവർ പോലെയുള്ള പരമ്പരാഗത രീതികളിലൂടെ വിവാഹ ബന്ധങ്ങൾ തേടുന്നതാണ് നല്ലതെന്നും കങ്കണ പറഞ്ഞു.
ഭാര്യയോട് വിശ്വസ്തത പുലർത്താനുള്ള പുരുഷന്റെ പ്രതിജ്ഞയുടെ പ്രധാന ഭാഗമാണ് വിവാഹമെന്ന് കങ്കണ അഭിപ്രായപ്പെട്ടു. ലിവ്-ഇൻ ബന്ധങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രവണതയെ താരം വിമർശിച്ചു. ലിവ് ഇൻ ബന്ധങ്ങൾ സ്ത്രീകൾക്ക് പിന്തുണയോ എന്തെങ്കിലും തരത്തിലുള്ള പ്രയോജനമോ നൽകില്ലെന്നാണ് വ്യക്തിപരമായും മറ്റുള്ളവരെ നിരീക്ഷിക്കുന്നതിലും നിന്ന് തനിക്ക് മനസിലായത്. ഒരു ലിവ്-ഇൻ ബന്ധത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനോ പരിപാലിക്കാനോ ആരും ഉണ്ടാകില്ലെന്നും ഏതൊരു സ്ത്രീയെയും ഗർഭിണിയാക്കി ഓടിപ്പോകാൻ കഴിയുന്ന വേട്ടക്കാരാണ് പുരുഷന്മാരെന്നും താരം ആരോപിച്ചു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്ന 'എമർജൻസി' എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്. ജനുവരിയിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ ചിത്രത്തിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല.
Searching for a partner on dating apps is a bad thing; traditional marriages are better; Kangana