---
title: "സൗഹൃദമോ പകയോ? നാല് വർഷത്തിന് ശേഷമുള്ള പീഡന പരാതിയിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം"
english_title: "Chidambaram gets anticipatory bail in harassment case after four years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346583/chidambaram-gets-anticipatory-bail-in-harassment-case-after-four-years"
published_at: "2026-03-09T13:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae7bb7e38b3_Chidambaram_gets_anticipatory_bail_in_harassment_case_after_four_years.jpg"
keywords: []
---

# സൗഹൃദമോ പകയോ? നാല് വർഷത്തിന് ശേഷമുള്ള പീഡന പരാതിയിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം

> **Lead Summary:** ലൈംഗികാതിക്രമ കേസിൽ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

ലൈംഗികാതിക്രമ കേസിൽ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

യുവതിയുടെ പരാതി പ്രകാരം ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചാണ് പോലീസ്‌ കേസ് ഫയൽ ചെയ്തത്. ഫ്ലാറ്റിൽ അതിക്രമിച്ചു കയറി അപമാനിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗൗരവകരമായ ആരോപണങ്ങളാണ് ചിദംബരത്തിന് മേൽ ചുമത്തിയിരിക്കുന്നത്. ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായാണ് യുവതി സൗത്ത് പൊലീസിനെ സമീപിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ചിദംബരത്തിനെതിരെ കേസെടുക്കുകയായിരുന്നു.

2022 ല്‍ എളംകുളത്തെ തന്‍റെ ഫ്ളാറ്റില്‍ ചിദംബരം അതിക്രമിച്ചു കടന്ന ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ മൊഴി വിശദമായി പരിശോധിച്ച് വസ്തുതകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികളെന്ന് പൊലീസ് അറിയിച്ചിരുന്നു. പരാതിക്കാരിയായ യുവതി രണ്ടു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ചിദംബരത്തിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിദംബംരം മാനനഷ്ടക്കേസും നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്നുളള പ്രകോപനമാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ചിദംബരത്തോട് അടുത്തവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.

മുൻകൂർ ജാമ്യാപേക്ഷയിൽ തനിക്കെതിരായ ആരോപണങ്ങൾ ചിദംബരം നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി ഉണ്ടായ ഇടപെടലുകൾ ഒരു സിനിമാ പദ്ധതിയുടെ നിർമ്മാണ സമയത്ത് ഉണ്ടായ പൂർണ്ണമായും പ്രൊഫഷണൽ സ്വഭാവമുള്ള ഒന്നായിരുന്നുവെന്നാണ് ചിദംബരത്തിന്‍റെ വാദം. പരാതി ഏകദേശം നാല് വർഷം കഴിഞ്ഞിട്ടാണ് നൽകിയതെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ, സംവിധായകന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആരോപണങ്ങൾ ഉയർത്തിയതെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ, ചിദംബരം മുമ്പ് ബോംബെ ഹൈക്കോടതിയിൽ സിവിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നുവെന്നും, മാധ്യമ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹത്തെക്കുറിച്ച് അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് പരാതിക്കാരി ഒഴിവാക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/346583/chidambaram-gets-anticipatory-bail-in-harassment-case-after-four-years)