(moviemax.in) പത്ത് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വം' ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. മലയാളികൾ എപ്പോഴും ഇഷ്ട സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇപ്പോഴിതാ സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഫഹദ് പണ്ട് തന്നെ വിളിച്ചിരുന്നത് സത്യൻ അങ്കിൾ എന്നായിരുന്നുവെന്നും എന്നാൽ ഇപ്പോഴതിൽ മാറ്റം വന്നുവെന്നും അദ്ദേഹം പറയുന്നു.
'ആദ്യമൊക്കെ സത്യൻ അങ്കിൾ എന്നായിരുന്നു ഫഹദ് വിളിച്ചിരുന്നത്, പക്ഷെ ഷൂട്ടിങ് അവന്‍ തുടങ്ങുമ്പോള്‍ സത്യേട്ടാ എന്നാണ് വിളിക്കുന്നത്. അത്തരത്തില്‍ ഞങ്ങള്‍ക്കിടയിലെ അതിര്‍വരമ്പ് ഇല്ലാതാകുകയാണ്. അത് വലിയ മാറ്റം കൊണ്ടുവരും, നമ്മള്‍ സീനിയറാണെന്നും തങ്ങളുടെയൊക്കെ അച്ഛന്റെ കൂടെയുള്ള ആളാണെന്നും അവര്‍ക്ക് തോന്നുമ്പോഴാണ് പ്രശ്‌നം." സത്യൻ അന്തിക്കാട് പറഞ്ഞു. 2015 ൽ പുറത്തിറങ്ങിയ 'ഒരു ഇന്ത്യൻ പ്രണയകഥ', 2017 ൽ പുറത്തിറങ്ങിയ 'ഞാൻ പ്രകാശൻ' എന്നീ രണ്ട ചിത്രങ്ങളാണ് സത്യൻ അന്തിക്കാട്- ഫഹദ് കോംബോയിൽ പുറത്തിറങ്ങിയത്. രണ്ട ചിത്രങ്ങളും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയവയായിരുന്നു.
അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
Sathyan Anthikad says that Fahad used to call him Sathyan Uncle but that has changed now