---
title: "#devara  | 'മനികേ മ​ഗേ ഹിതേ' കോപ്പിയടിച്ചു, 'ദേവര'യിലെ ​ഗാനത്തിന്റെ പേരിൽ അനിരുദ്ധിന് ട്രോളോട് ട്രോൾ"
english_title: "#devara #second #song #controversy #manike #mage #hithe #similarity"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226134/devara-second-song-controversy-manike-mage-hithe-similarity"
published_at: "2024-08-06T20:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2354bbc065_anirudh.jpg"
keywords: []
---

# #devara  | 'മനികേ മ​ഗേ ഹിതേ' കോപ്പിയടിച്ചു, 'ദേവര'യിലെ ​ഗാനത്തിന്റെ പേരിൽ അനിരുദ്ധിന് ട്രോളോട് ട്രോൾ

> **Lead Summary:** **പുറ**ത്തുവന്നതുമുതൽ ഒരുപോലെ തല്ലും തലോടലും ഏറ്റുവാങ്ങുകയാണ് ജൂനിയർ എൻ.ടി.ആർ നായകനാവുന്ന പുതിയ ചിത്രമായ ദേവരയിലെ ചുട്ടമല്ലേ എന്ന ​ഗാനം.

## Article Content

**പുറ**ത്തുവന്നതുമുതൽ ഒരുപോലെ തല്ലും തലോടലും ഏറ്റുവാങ്ങുകയാണ് ജൂനിയർ എൻ.ടി.ആർ നായകനാവുന്ന പുതിയ ചിത്രമായ ദേവരയിലെ ചുട്ടമല്ലേ എന്ന ​ഗാനം.

ജാൻവി കപൂറിനൊപ്പമുള്ള ജൂനിയർ എൻ.ടി.ആറിന്റെ പ്രണയ​ഗാനം ഇപ്പോൾ ചർച്ചയായിരിക്കുന്നത് പാട്ടിന്റെ ഈണവുമായി ബന്ധപ്പെട്ടാണ്. അനിരുദ്ധ് ഈണമിട്ട ​ഗാനം ശുദ്ധമായ കോപ്പിയടിയാണെന്നാണ് ഒരുവിഭാ​ഗം ആസ്വാദകർ ചൂണ്ടിക്കാട്ടുന്നത്.

ശ്രീലങ്കൻ ​ഗായിക യൊഹാനി ആലപിച്ച് 2021-ൽ പുറത്തിറങ്ങിയ മനികേ മ​ഗേ ഹിതേ എന്ന വൈറൽ ​ഗാനവുമായുള്ള സാദൃശ്യമാണ് ദേവരയിലെ ​ഗാനത്തെ ചൂടുള്ള ചർച്ചാ വിഷയമാക്കിയത്.

ഈ ​ഗാനം അനിരുദ്ധ് കോപ്പിയടിച്ചു എന്നാണ് വിമർശകരുടെ ആരോപണം. തിങ്കളാഴ്ച ​ഗാനം പുറത്തിറങ്ങിയപ്പോൾ നിരവധി പേർ അഭിനന്ദനങ്ങളുമായെത്തിയപ്പോൾ മറ്റൊരു വിഭാ​ഗം അനിരുദ്ധിനെ വിമർശിച്ച് രം​ഗത്തെത്തുകയായിരുന്നു.

മൂന്നുവർഷം മുമ്പാണ് യൊഹാനി ആലപിച്ച ​ഗാനം പുറത്തുവന്നതും വലിയതോതിൽ ശ്രദ്ധിക്കപ്പെടുന്നതും. തുടർന്ന് 2022-ൽ സിദ്ധാർത്ഥ് മൽഹോത്രയും അജയ് ദേവ്​ഗണും മുഖ്യവേഷങ്ങളിലെത്തിയ താങ്ക് ​ഗോഡ് എന്ന ചിത്രത്തിൽ ഈ ​ഗാനത്തിന്റെ ഹിന്ദി പതിപ്പ് ഉൾപ്പെടുത്തിയിരുന്നു.

യൊഹാനിതന്നെയായിരുന്നു ഈ ​ഗാനം ആലപിച്ചതും. നിലവിൽ രണ്ടുതവണ ആസ്വാദകർ കേട്ട ​ഗാനം വീണ്ടും ഉപയോ​ഗിച്ചു എന്നതാണ് അനിരുദ്ധിനെതിരെ പരിഹാസങ്ങൾ ഉയരാനുള്ള കാരണം.

മനികേ മ​ഗേഹിതേ എന്ന ശ്രീലങ്കൻ ​ഗാനത്തിന്റെ കവർ പതിപ്പായിരുന്നു യൊഹാനി ആലപിച്ച് പുറത്തിറക്കിയത്. ഒറിജിനൽ ​ഗാനത്തേക്കാൾ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. തുടർന്ന് ടി സീരീസ് ഈ ​ഗാനം ബോളിവുഡിൽ അവതരിപ്പിച്ചു. ഇപ്പോൾ ഇതേ ​ഗാനം ടി സീരീസ് തന്നെ ദേവരയ്ക്കുവേണ്ടി ചുട്ടുമല്ലേ എന്നപേരിൽ പുറത്തിറക്കി എന്നാണ് ഒരു പ്രതികരണം.

കാതൽ കൺകെട്ടുതേ എന്ന വരികൾക്കുമേലേ മനികേ മ​ഗേഹിതേ എന്ന ​ഗാനം തൂവി അനിരുദ്ധ് റീസൈക്കിൾ ചെയ്തെടുത്തു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ഇത്തരം നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ചിത്രത്തിലെ ആദ്യ ​ഗാനമായ ഫിയർ സോം​ഗിന് തമിഴ്ലി ചിത്രമായ യോയിലെ ബഡാസ് എന്ന ​ഗാനവുമായി സാദൃശ്യമുണ്ടെന്ന് വാദമുയർന്നിരുന്നു. ലിയോയുടെ സം​ഗീത സംവിധായകനും അനിരുദ്ധ് ആയിരുന്നു. അതിനുപിന്നാലെയാണിപ്പോൾ ദേവരയിലെ രണ്ടാമത്തെ ​ഗാനത്തിനെതിരെയും കോപ്പിയടി ആരോപണം വന്നിരിക്കുന്നത്.

നേരത്തേ ​ഗാനരം​ഗത്തിൽ അഭിനയിച്ച ജൂനിയർ എൻ.ടി.ആറിന്റെയും ജാൻവിയുടേയും പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയും സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ടായിരുന്നു.

നായകനും നായികയും തമ്മിൽ 14 വയസിന്റെ വ്യത്യാസമുണ്ടെന്നും ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്നുമാണ് ചില സോഷ്യൽ മീഡിയാ ഉപയോ​ക്താക്കൾ ചൂണ്ടിക്കാട്ടിയത്. 41-കാരനായ ജൂനിയർ എൻ.ടി.ആറും 27-കാരിയായ ജാൻവിയും തമ്മിൽ യാതൊരു കെമിസ്ട്രിയുമില്ല. പ്രായവ്യത്യാസം നന്നായി തോന്നുന്നുണ്ടെന്നുമാണ് റെഡിറ്റിലെ ചർച്ചയിൽ ഉയർന്ന അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/226134/devara-second-song-controversy-manike-mage-hithe-similarity)