( moviemax.in ) ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് സന്‍സാ സ്റ്റാര്‍ക്ക്. ഇംഗ്ലീഷ് നടിയായ സോഫി ടേണറാണ് ഈ കഥാപാത്രത്തെ പ്രേക്ഷകമനസുകളില്‍ അനശ്വരമാക്കിയത്. ഗെയിം ഓഫ് ത്രോണ്‍സിലെ ബലാത്സംഗരംഗത്തെ കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സോഫി ഇപ്പോള്‍. ഇവാന്‍ റിയണ്‍ അവതരിപ്പിച്ച റാംസി ബോള്‍ട്ടണ്‍ എന്ന കഥാപാത്രമാണ് സോഫി ടേണര്‍ അവതരിപ്പിച്ച സന്‍സാ സ്റ്റാര്‍ക്കിനെ അവരുടെ വിവാഹരാത്രിയില്‍ ബലാത്സംഗം ചെയ്യുന്നതായി ഗെയിം ഓഫ് ത്രോണ്‍സില്‍ ചിത്രീകരിച്ചിരിക്കുന്നത്. സീരീസിന്റെ അഞ്ചാം സീസണിലെ 'അണ്‍ബൗഡ്, അണ്‍ബെന്റ്, അണ്‍ബ്രോക്കൺ' എന്ന ആറാം എപ്പിസോഡിലാണ് ഈ രംഗമുള്ളത്. ക്രൂരമായും ഭീകരമായുമാണ് ഈ രംഗം അണിയറക്കാര്‍ ചിത്രീകരിച്ചത് എന്ന വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്.
എന്നാല്‍ ആ രംഗം അങ്ങനെ ചിത്രീകരിച്ചതിന് തങ്ങള്‍ക്ക് വ്യക്തമായ ന്യായമുണ്ടെന്നാണ് സോഫി ടേണര്‍ പറയുന്നത്. ഫ്‌ളൗണ്ട് എന്ന യുഎസ് മാഗസിനോടാണ് നടി ഇക്കാര്യം പറഞ്ഞത്. യഥാര്‍ഥത്തില്‍ ഗെയിം ഓഫ് ത്രോണ്‍സ് സ്ത്രീകളോട് വലിയ നീതി കാണിക്കുകയാണ് ചെയ്തത് എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് സോഫി പറയുന്നത്.
'നിങ്ങള്‍ക്ക് കാണിക്കാന്‍ കഴിയില്ല എന്ന് കരുതിയിരുന്ന കാര്യങ്ങള്‍ ഗെയിം ഓഫ് ത്രോണ്‍സ് കാണിച്ചതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത് 'ട്രിഗര്‍' ചെയ്യാന്‍ സാധ്യതയുള്ള കാര്യമാണെന്ന് എനിക്കറിയാം. ആ വീക്ഷണത്തെ ഞാന്‍ പൂര്‍ണമായി മനസിലാക്കുന്നു. എന്നാല്‍ സ്ത്രീകളോടും തങ്ങളെ കേവലം വസ്തുക്കളായി കാണുന്നതിനും പുരുഷാധിപത്യത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കുമെതിരേ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി സ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തോടും ഞങ്ങള്‍ വലിയ തോതില്‍ നീതി ചെയ്തതായാണ് എനിക്ക് തോന്നുന്നത്.' -സോഫി ടേണര്‍ പറഞ്ഞു.
അതേസമയം ആ രംഗമുള്ള എപ്പിസോഡ് ഇപ്പോഴാണ് ഇറങ്ങിയിരുന്നതെങ്കില്‍ മുന്നറിയിപ്പ് (ട്രിഗര്‍ വാണിങ്) കാണിക്കുമായിരുന്നുവെന്നും 29-കാരിയായ സോഫി പറഞ്ഞു. പണ്ടുകാലത്ത് സ്ത്രീകള്‍ നേരിട്ട അതിക്രമങ്ങളെ ചിത്രീകരിക്കാന്‍ മടി കാണിക്കാതിരുന്ന ഗെയിം ഓഫ് ത്രോണ്‍സ് പോലൊരു പരമ്പരയുടെ ഭാഗമായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സോഫി കൂട്ടിച്ചേര്‍ത്തു.
Sophie Turner on rape scene in Game of Thrones