( moviemax.in ) റീലീസ് സമയത്ത് ആരും ശ്രദ്ധിക്കാതെ പോയിരുന്ന സീനായിരുന്നു തുടരും സിനിമയിലെ സംഗീത് പ്രതാപിന്റെ ഇമോഷണൽ രംഗം. പിന്നീട് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ രംഗം ചർച്ചയാകുന്നത്. ഇപ്പോഴിതാ ആ രംഗത്തെക്കുറിച്ച് പറയുകയാണ് സംഗീത്. ഇമോഷണൽ പരിപാടി എനിക്ക് പിടിക്കാൻ പറ്റും എന്ന ആത്മവിശ്വാസം ആ സീൻ ചെയ്തപ്പോൾ കിട്ടിയിരുന്നുവെന്നും എന്നാൽ സിനിമ കണ്ട തന്റെ ഒരു സുഹൃത്ത് തന്റെ കരച്ചിൽ ബോർ ആയിരുന്നുവെന്ന് പറഞ്ഞെന്നും സംഗീത് പറയുന്നു.
രണ്ട് ദിവസം ട്രോമ ഉണ്ടായിരുന്നുവെന്നും എന്നാൽ അതിന് ശേഷം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആളുകളിലേക്ക് ആ രംഗം കൂടുതൽ ചർച്ച ചെയ്യപ്പെട്ടുവെന്നും അത് നൽകിയ ആത്മവിശ്വാസം വലുതാണെന്നും സംഗീത് പറഞ്ഞു. ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട പെൺകുട്ടിയോട് നന്ദിയുണ്ടെന്നും സംഗീത് പറഞ്ഞു.
'ഞാൻ ഭയങ്കര സെൻസിറ്റീവായ ആളാണ്. എന്റെ ഫ്രണ്ട് എന്നെ വിളിച്ച് പറഞ്ഞു തുടരും സിനിമയിലെ എന്റെ പരിപാടി അവന്റെ ഫ്രണ്ടിന് ഒട്ടും വർക്ക് ആയില്ല എന്ന്. ഞാൻ കരയുന്ന ആ രംഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് ആ സീനിൽ സന്തോഷം കിട്ടിയിരുന്നു. പക്ഷെ എന്റെ ഫ്രണ്ട് പറഞ്ഞു, നിന്റെ കരച്ചിൽ ഭയങ്കര ബോർ ആയിരുന്നു എന്ന്. അത് അവൻ എടുത്തു പറഞ്ഞു.
ഇമോഷണൽ പരിപാടി എനിക്ക് പിടിക്കാൻ പറ്റും എന്ന വിശ്വാസത്തിൽ ആണ് ഞാൻ ഇരുന്നിരുന്നത്. പക്ഷെ തകർന്ന് പോയി. അതിന്റെ വിഷമത്തിൽ രണ്ട് ദിവസം, ഞാൻ നടന്നു. ചില നടന്മാരെ നമ്മൾ പറയാറില്ലേ അവർക്ക് കരയുന്നത് പറ്റില്ല എന്ന്. ഞാൻ അതിൽപ്പെട്ട ആളാണെന്ന് എനിക്ക് തോന്നി. കാരണം ആരും പറഞ്ഞിട്ടില്ല ഇത് നല്ലതാണെന്ന്, ഒരാൾ എടുത്ത് പറഞ്ഞു മോശം ആണെന്ന്.
അങ്ങനെ ഇരിക്കുമ്പോഴാണ് ഫേസ്ബുക്കിൽ ഒരു പെൺകുട്ടി ഇട്ട പോസ്റ്റ് വരുന്നത്. ഇത് വായിച്ചപ്പോൾ ഒരാളെങ്കിലും ഇത് നോട്ട് ചെയ്തല്ലോ എന്ന സന്തോഷം എനിക്ക് ഉണ്ടായി. പിന്നെ ഇതിന്റെ ട്രോളുകൾ വരാൻ തുടങ്ങി. പെട്ടന്ന് അത് വലിയ ശ്രദ്ധ നേടി. ആ പോസ്റ്റുകൾക്ക് താഴെ വന്ന കമന്റുകളിൽ പലരും എന്റെ ആ രംഗത്തിലെ അഭിനയം ശ്രദ്ധിച്ചിരുന്നു എന്ന് പറയുമ്പോൾ അത് പ്രശംസയായാണ് ഞാൻ കൂട്ടിയത്. അതിന് ശേഷം ആ ട്രോമ മാറി. ആ പെൺകുട്ടിയോട് എനിക്ക് നന്ദിയുണ്ട്; സംഗീത് പ്രതാപ് പറഞ്ഞു.
sangeeth prathap on the emotional scenes in the film thudarum