---
title: "യുദ്ധമെങ്കിൽ യുദ്ധം, പാപ്പൻ വരുന്നു! വെല്ലുവിളികൾ ഏറ്റെടുത്ത് 'ആട് 3'; ആഗോള റിലീസിന് "
english_title: "Goat 3 to release globally"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347405/goat-3-to-release-globally"
published_at: "2026-03-13T11:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3a6b0642ae_7.jpg"
keywords: []
---

# യുദ്ധമെങ്കിൽ യുദ്ധം, പാപ്പൻ വരുന്നു! വെല്ലുവിളികൾ ഏറ്റെടുത്ത് 'ആട് 3'; ആഗോള റിലീസിന് 

> **Lead Summary:** **[**പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോളതലത്തിലെ പ്രതിസന്ധികളും സിനിമാ വിപണിയെ ആശങ്കയിലാഴ്ത്തുമ്പോഴും, പ്രഖ്യാപിച്ച തീയതിയിൽ തന്നെ 'ആട് 3' തിയേറ്ററുകളിലെത്തിക്കാൻ ഉറച്ച് അണിയറപ്രവർത്തകർ.

## Article Content

**[**പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോളതലത്തിലെ പ്രതിസന്ധികളും സിനിമാ വിപണിയെ ആശങ്കയിലാഴ്ത്തുമ്പോഴും, പ്രഖ്യാപിച്ച തീയതിയിൽ തന്നെ 'ആട് 3' തിയേറ്ററുകളിലെത്തിക്കാൻ ഉറച്ച് അണിയറപ്രവർത്തകർ.

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗമായ 'ആട് 3: വൺ ലാസ്റ്റ് റൈഡ്, പാർട്ട്-1' 2026 മാർച്ച് 19-ന് തന്നെ ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ഔദ്യോഗികമായി അറിയിച്ചു.

യുദ്ധസാഹചര്യങ്ങൾ നിലനിൽക്കെ ഗൾഫ് മേഖലയിലെ റിലീസിനെക്കുറിച്ച് അനിശ്ചിതത്വങ്ങൾ ഉയർന്നിരുന്നെങ്കിലും, ഇൻഡസ്ട്രിക്ക് പുത്തനുണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്.

സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനായി ചിത്രം റിലീസ് ചെയ്യണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിയോക്കിന്റെയും ശക്തമായ പിന്തുണയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' മലയാളത്തിലെ ആദ്യത്തെ 'എപിക് ഫാന്റസി' സിനിമയായാണ് ഒരുങ്ങുന്നത്.

ജയസൂര്യയുടെ ഐതിഹാസിക കഥാപാത്രം ഷാജി പാപ്പനും സംഘവും പുതിയൊരു ക്യാൻവാസിലും വ്യത്യസ്തമായ പശ്ചാത്തലത്തിലുമാണ് ഈ ഭാഗത്തിൽ തിരിച്ചെത്തുന്നത്. പഴയ ആവേശവും സൗഹൃദവും ഒട്ടും ചോരാതെ വലിയ ബജറ്റിലും മികച്ച സാങ്കേതിക തികവിലുമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

റിലീസ് മാറ്റിവയ്ക്കുമോ എന്ന ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട്, വെല്ലുവിളികൾ എത്രയുണ്ടായാലും മാർച്ച് 19-ന് ഷാജി പാപ്പനും സംഘവും തീയേറ്ററുകളിൽ പടയോട്ടം തുടങ്ങുമെന്ന് നിർമ്മാതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/347405/goat-3-to-release-globally)