ചെന്നൈ:(moviemax.in) രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രമായി തുടരും. മദ്രാസ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് ടി.വി. തമിഴ്‌സെല്‍വി അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു രജനീകാന്ത് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. 1989-ല്‍ പുറത്തിറങ്ങിയ 'ശിവ' ആണ് ഇതിന് മുമ്പ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച രജനി ചിത്രം.
ഭീകരമായ വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സിബിഎഫ്‌സി (സെന്‍സര്‍ ബോര്‍ഡ്) ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ വാദിച്ചു. അതേസമയം ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാല്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സിബിഎഫ്‌സി നിര്‍മാതാക്കളെ അറിയിച്ചതായും അദ്ദേഹം കോടതിയോട് പറഞ്ഞു. എന്നാല്‍ നിര്‍മാതാക്കള്‍ ഇത് അംഗീകരിച്ചില്ല.
കെജിഎഫ് ഒന്ന്, രണ്ട് ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വയലന്‍സ് ഉണ്ടായിരുന്നിട്ടും അവയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത് എന്നാണ് സണ്‍ പിക്‌ചേഴ്‌സിന്റെ അഭിഭാഷകന്‍ വാദിച്ചത്. കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കുടുംബപ്രേക്ഷകരെ ചിത്രം തിയേറ്ററിലെത്തി കാണുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും അവര്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല.
അതേസമയം സര്‍ട്ടിഫിക്കറ്റ് വിവാദം കോടതിയിലായിരുന്നിട്ടും തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് കൂലി. റിലീസായി ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം 400 കോടി രൂപ ആഗോളതലത്തില്‍ കളക്ട് ചെയ്തു.
'Coolie' to remain an A certificated film