---
title: "'പ്രേംകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് കാലാവധി കഴിഞ്ഞത് കൊണ്ട്; നിലപാടുകളുടേയോ അഭിപ്രായങ്ങളുടേയോ പേരിലല്ല’ -സജിചെറിയാൻ"
english_title: "premkumar removed because his term expired not of opinions saji cherian "
publisher: "moviemax.in"
canonical_url: "https://moviemax.in/news/341977/premkumar-removed-because-his-term-expired-not-of-opinions-saji-cherian"
published_at: "2026-02-14T14:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69903ee45e7a5_saji_cheriyan.jpg"
keywords: []
---

# 'പ്രേംകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് കാലാവധി കഴിഞ്ഞത് കൊണ്ട്; നിലപാടുകളുടേയോ അഭിപ്രായങ്ങളുടേയോ പേരിലല്ല’ -സജിചെറിയാൻ

> **Lead Summary:** **ച**ലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിക്രമമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനാലാണ് പുതിയ സമിതിയെ നിയോഗിച്ചത്. പ്രേംകുമാറിൻ്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ പറഞ്ഞു വിട്ടതിൽ പ്രേംകുമാർ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

## Article Content

**ച**ലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിക്രമമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനാലാണ് പുതിയ സമിതിയെ നിയോഗിച്ചത്. പ്രേംകുമാറിൻ്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ പറഞ്ഞു വിട്ടതിൽ പ്രേംകുമാർ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഒരു സമിതിക്ക് പകരം മറ്റൊരു സമിതി വരുന്നത് ഭരണപരമായ പ്രക്രിയയാണെന്നായിരുന്നു സജി ചെറിയാൻ്റെ പ്രതികരണം. ഒഴിയുന്നത് സംബന്ധിച്ച് ആശയവിനിമയത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. പ്രേംകുമാറിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കും. പ്രവർത്തനങ്ങളെ ബഹുമാനത്തോടെ കാണുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

ആശാ സമരവുമായി ബന്ധപ്പെട്ട പരാമർശമാണ് പുറത്താക്കിയതിന് പിന്നിലെ കാരണമെന്നായിരുന്നു പ്രേംകുമാറിൻ്റെ പ്രതികരണം. എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗിക അറിയിപ്പ് പോലും ലഭിച്ചിട്ടില്ല, മാറ്റുന്നതും പുറത്താക്കുന്നതും എല്ലാം സർക്കാർ തീരുമാനമാണെന്നും പ്രേംകുമാർ പറഞ്ഞിരുന്നു. ആശാസമര പരാമർശമാണ് തന്നെ പുറത്താക്കാനുള്ള കാരണമെന്ന് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. സമരത്തെ കുറിച്ച് നടത്തിയത് സദുദ്ദേശപരമായ അഭിപ്രായം മാത്രമാണ്.

മനുഷ്യനായതിനാൽ എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. വൈസ് ചെയർമാൻ സ്ഥാനത്ത് നിൽക്കുമ്പോൾ 10,000 രൂപയാണ് ഓണറേറിയമായി ലഭിച്ചത്. സിനിമ പോലും വേണ്ടെന്ന് വച്ചാണ് പ്രവർത്തിച്ചത്. അവിടെ നിന്ന് പറഞ്ഞുവിടുമ്പോൾ ഒരു മാന്യതയൊക്കെ കാണിക്കാമെന്നും പ്രേം കുമാർ ചൂണ്ടിക്കാട്ടി. യാത്ര പറയാനോ, യാത്രയയപ്പ് നൽകാനോ പോലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സച്ചിദാനന്ദൻ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയത്. എന്നിട്ടും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നു. സച്ചിദാനന്ദൻ മാഷിനോട് ബഹുമാനം മാത്രമേ ഉള്ളൂ. നീതി നിഷേധം ഉണ്ടായിട്ടുണ്ട്. പക്ഷേ താരതമ്യം ചെയ്യാനില്ലെന്നും, പ്രേംകുമാർ വ്യക്തമാക്കി. സച്ചിദാനന്ദനോട് കാണിക്കുന്നതല്ല എന്നോട് കാണിക്കുന്നത് വരേണ്യതയോടുള്ള വിനീതത്വമാണോ വിധേയത്വമാണോ എന്നറിയില്ലെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341977/premkumar-removed-because-his-term-expired-not-of-opinions-saji-cherian)