---
title: "' പതിനെട്ട് വർഷമായി ഈ ഫീൽഡിൽ, എങ്കിലും പുറത്തുപോയാൽ ഇപ്പോഴും എല്ലാവരും വിളിക്കുന്നത് സോഫി എന്നാണ്'; മനസ്സ് തുറന്ന് ശ്രീകല"
english_title: "Sreekala, Ente Manasaputri, Sreekala Sasidharan Serials"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368606/sreekala-ente-manasaputri-sreekala-sasidharan-serials"
published_at: "2026-06-26T16:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e5d2490281_Sreekala,_Ente_Manasaputri,_Sreekala_Sasidharan_Serials.jpg"
keywords: ["Sreekala", "Ente Manasaputri", "Sreekala Sasidharan Serials"]
---

# ' പതിനെട്ട് വർഷമായി ഈ ഫീൽഡിൽ, എങ്കിലും പുറത്തുപോയാൽ ഇപ്പോഴും എല്ലാവരും വിളിക്കുന്നത് സോഫി എന്നാണ്'; മനസ്സ് തുറന്ന് ശ്രീകല

> **Lead Summary:** ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് റേറ്റിംഗിൽ പുതിയ ചരിത്രം കുറിച്ച സൂപ്പർഹിറ്റ് പരമ്പരയായിരുന്നു 'എന്റെ മാനസപുത്രി'. സീരിയലിലെ 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്തവയാണ്. ഇതിൽ സോഫിയായി എത്തി പ്രേക്ഷകമനം കവർന്നത് നടി ശ്രീകല ശശിധരനായിരുന്നു.

## Article Content

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് റേറ്റിംഗിൽ പുതിയ ചരിത്രം കുറിച്ച സൂപ്പർഹിറ്റ് പരമ്പരയായിരുന്നു 'എന്റെ മാനസപുത്രി'. സീരിയലിലെ 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്തവയാണ്. ഇതിൽ സോഫിയായി എത്തി പ്രേക്ഷകമനം കവർന്നത് നടി ശ്രീകല ശശിധരനായിരുന്നു.

നിലവിൽ അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മിനിസ്ക്രീൻ താരങ്ങളുടെ സംഘടനയായ 'ആത്മ'യുടെ ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കാൻ ശ്രീകലയുമെത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിലെത്തിയ താരത്തോട് മാധ്യമങ്ങൾ ചോദിച്ചതും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന 'സോഫി' എന്ന കഥാപാത്രത്തെക്കുറിച്ച് തന്നെയാണ്.

''എത്രയോ സീരിയലുകൾ ചെയ്തു. പത്തു പതിനെട്ടു വർഷമായി ഈ ഫീൽഡിൽ. ഒരുപാട് സീരിയലുകൾ ചെയ്തെങ്കിലും ഇപ്പോഴും പുറത്തു പോയാൽ എല്ലാവരും വിളിക്കുന്നത് സോഫി എന്നാണ്. അത്രയും ജനങ്ങൾ അത് ഏറ്റെടുത്തു എന്നത് വലിയ കാര്യമാണ്. ആ സീരിയലിലെ എല്ലാ കാഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു. തോബിയാസ് എന്ന വില്ലൻ കഥാപാത്രത്തിനായാൽ പോലും വലിയ പ്രധാന്യം ഉണ്ടായിരുന്നു ആ സീരിയലിൽ. ഇന്ന് ഇവിടെ വന്നപ്പോൾ അവരിൽ ചിലരെയൊക്കെ കണ്ടു. കുറേപ്പേരുടെ ഒപ്പം നിന്ന് ഫോട്ടോസ് എടുത്തു. എല്ലാവരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷമായി. കൂടെ ഒരുമിച്ച് അഭിനയിച്ചവരെയൊക്കെ കുറേക്കാലത്തിനു ശേഷം കാണുന്നതാണ്. അതുകൊണ്ടു തന്നെ എല്ലാ മീറ്റിങ്ങുകൾക്കും മുടങ്ങാതെ വരാൻ ഞാൻ ശ്രമിക്കാറുണ്ട്'', ശ്രീകല പറ‍ഞ്ഞു.

സ്വഭാവസവിശേഷതകളാല്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച പരമ്പരയായിരുന്നു എന്‍റെ മാനസപുത്രി. അതില്‍ സോഫിയോടൊപ്പമായിരുന്നു പ്രേക്ഷകരില്‍ ഭൂരിഭാഗവും. മാനസപുത്രിയിലെ സോഫിയായാണ് അറിയപ്പെടുന്നതെങ്കിലും അതുകൂടാതെ ഇരുപതിലധികം പരമ്പരകളിലും നിരവധി സിനിമകളിലും ശ്രീകല വേഷമിട്ടിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ശ്രീകല മികച്ചൊരു നർത്തകി കൂടിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/368606/sreekala-ente-manasaputri-sreekala-sasidharan-serials)