സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടൻ ജോൺ വിജയ് കുരുക്കിൽ. ജോൺ വിജയ്ക്കെതിരെ ഏതാനും സ്ത്രീകൾ നൽകിയ പരാതികളുടെ സ്ക്രീൻഷോട്ടുകൾ ഗായിക ചിന്മയി പുറത്തുവിട്ടു.
ഏതാനും ദിവസങ്ങൾക്കുമുൻപ് അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ തന്നോട് നടൻ മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവർത്തക സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോൾ ചിന്മയി സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.
ജോലി സ്ഥലത്തും പബ്ബുകളിലും റെസ്റ്റോറന്റുകളിലുംവെച്ച് ജോൺ വിജയ് സ്ത്രീകളെ മോശമായ രീതിയിൽ നോക്കുകയും അവരിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു എന്നാണ് ചിന്മയി പുറത്തുവിട്ട സ്ക്രീൻഷോട്ടുകളിലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്.
അഭിമുഖത്തിന് ചെന്നപ്പോൾ എല്ലാവരുടേയും മുന്നിൽവെച്ച് ഇടുപ്പിൽ സ്പര്‍ശിച്ചുവെന്നും ആ ഷോയുടേത് ഒരു വനിതാ സംവിധായികയായിരുന്നെന്നും അവർപോലും നടന്റെ ഈ പ്രവൃത്തി നോക്കിനിന്നു എന്ന ഒരു മാധ്യമപ്രവർത്തകയുടെ പരാതിയും ഇതിലുണ്ട്.
"ഈ മനുഷ്യൻ പൊതുജനങ്ങൾക്കും ഒരു ശല്യമാണ്. ഇയാൾ ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ്. ആ സ്ഥലം ഇയാളെപ്പോലെ ചെകുത്താന്മാരെക്കൊണ്ട് നിറഞ്ഞതാണ്. നോ എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് മനസിലാവില്ല.
ക്ലബിന്റെ ഓരോ മൂലയിലും സ്മോക്കിങ് സോണിലോ എവിടെ പോയാലും ഇയാൾ പിന്നാലെയുണ്ടാവും. ഒരിക്കൽ ശല്യം സഹിക്കവയ്യാതെ ഞാൻ ക്ലബിലെ ബൗൺസർമാരെ സഹായത്തിനുവിളിച്ചു." ചിന്മയി പോസ്റ്റ് ചെയ്ത ഒരു സ്ക്രീൻഷോട്ടിലെ ഉള്ളടക്കം ഇങ്ങനെ.
ഇതാദ്യമായല്ല ജോൺ വിജയ് ഇത്തരം ആരോപണങ്ങൾ നേരിടുന്നത്. മീ ടൂ മൂവ്മെന്റ് കത്തിനിൽക്കുന്ന സമയത്ത് ഒരു വീഡിയോ ജോക്കി ഉൾപ്പെടെ നിരവധി സ്ത്രീകൾ നടനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് 2018-ൽ ജോൺ വിജയ് മാപ്പപേക്ഷിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
https://x.com/Chinmayi/status/1816771397823398008
"ഹൃദയം തുറന്നുസംസാരിക്കുന്ന സുതാര്യനായ വ്യക്തിയാണ് ഞാൻ. ഏതെങ്കിലും ഉദ്ദേശത്തോടെയോ ഗൂഢലക്ഷ്യത്തോടെയോ അല്ല ഞാൻ പ്രവർത്തിക്കാറ്. ചില സമയങ്ങളിൽ എൻ്റെ തമാശകൾ എല്ലാവർക്കും തമാശയല്ലെന്ന് തോന്നാറുണ്ടെന്ന് മനസിലാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കപ്പെട്ട സംഭവങ്ങളേക്കുറിച്ച് ശരിക്ക് ഓർമയില്ല.
ഞാൻ ഈ ആളുകളെയൊന്നും കണ്ടിട്ടില്ല. തമാശയും രസകരവുമാണെന്ന് ഞാൻ കരുതിയ എൻ്റെ അഭിപ്രായങ്ങൾ ആരെയെങ്കിലും ഏതെങ്കിലും സമയത്ത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, എൻ്റെ പെരുമാറ്റം എന്നെയും വൈകാരികമായി വേദനിപ്പിക്കുന്നുവെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആരോട്, എപ്പോൾ എന്ത് പറയണം എന്നറിയാനുള്ള എൻ്റെ പാഠം ഇതായിരിക്കും.
ഈ മീ ടൂ മൂവ്‌മെൻ്റിനെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു. ഈ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടില്ലായിരുന്നെങ്കിൽ, ഈ ആവശ്യത്തിനായി ശബ്ദമുയർത്തുകയും ഈ പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആദ്യ വ്യക്തികളിൽ ഒരാളായി ഞാൻ മാറുമായിരുന്നു" എന്നാണ് അന്ന് മാപ്പപേക്ഷിച്ചുകൊണ്ട് ജോൺ വിജയ് പറഞ്ഞത്.
അതേസമയം ഈ വിവാദങ്ങൾ നിലനിൽക്കുമ്പോഴും ജോൺ വിജയ് സിനിമയിൽ സജീവമായി തുടർന്നിരുന്നു. ഓരം പോ, സാർപ്പട്ട പാരമ്പരൈ, സലാർ 1, ലൂസിഫർ തുടങ്ങിയവ അതിൽപ്പെടുന്നു. ദിലീപ് നായകനായ തങ്കമണിയാണ് മലയാളത്തിൽ ജോൺ വിജയ് വേഷമിട്ട് ഒടുവിൽ പുറത്തുവന്ന ചിത്രം.
#actor #johnvijay #has #been #accused #sexual #misconduct