ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന 'ലോക: ചാപ്റ്റര്‍:1 ചന്ദ്ര' വ്യാഴാഴ്ച തിയേറ്ററിലെത്തി, മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നതിനാല്‍ താൻ നല്ല പരിഭ്രമത്തിലായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചന്ദ്രയായി അഭിനയിച്ച കല്യാണി പ്രിയദര്‍ശന്‍.
താനിത് കള്ളം പറയുകയല്ലെന്നും ഇന്ന് ഓണ്‍ലൈനില്‍ വരാന്‍ പരിഭ്രമിച്ചിരുന്നുവെന്നും എന്നാല്‍ സ്നേഹംനിറഞ്ഞ പ്രതികരണങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്നും കല്യാണി കുറിപ്പില്‍ പറയുന്നു. 'ഞാന്‍ കള്ളം പറയുകയല്ല, ഇന്ന് ഓണ്‍ലൈനില്‍ വരാന്‍ പരിഭ്രമിച്ചിരുന്നു. എന്നാല്‍ ഒരുപാട് സ്‌നേഹമാണ് കിട്ടിയത്. സിനിമയെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
ഹൃദയപൂര്‍വവും ലോകയും നന്നായി പോകുന്നുവെന്നത് നമ്മുടെ പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹമാണ് കാണിക്കുന്നത്. നമ്മുടെ ഇന്‍ഡസ്ട്രിക്ക് മനോഹരമായൊരു ഓണം ആശംസിക്കുന്നു.' കല്യാണി പ്രിയദര്‍ശന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് 'ലോക: ചാപ്റ്റര്‍: 1 ചന്ദ്ര'. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
തമിഴ് താരം സാന്‍ഡിയും ചന്ദുവും അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
On the day of'Loka' release I was nervous about going online Kalyani Priyadarshan says what she got was the love of the audience