തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി സിമ്രാൻ. മുംബൈക്കാരിയായ സിമ്രാന് തമിഴ്, തെലുങ്ക് സിനിമകളിലൂടെ വൻ ജനപ്രീതി നേടാൻ കഴിഞ്ഞു. ഡാൻസിലുള്ള മികവാണ് സിമ്രാനെ ഉയരങ്ങളിൽ എത്തിച്ചത്. ഗ്ലാമർ നായികയായിരുന്നെങ്കിലും അഭിനയ മികവുള്ളതിനാൽ സിമ്രാനെ തേടി മികച്ച അവസരങ്ങളും എത്തി. വിജയ്-സിമ്രാൻ ജോഡി ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ സിമ്രാന്റെ താരപ്രഭ കുറഞ്ഞു. 2003 ലാണ് സിമ്രാൻ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ഇന്ന് സിനിമാ രംഗത്ത് സിമ്രാൻ ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ട്.
സിമ്രാന്റെ സഹോദരി മൊണാൽ നാവലിന്റെ ആത്മഹത്യ ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. സിമ്രാന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വന്ന മൊണാൽ കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 21ാം വയസിലാണ് മൊണാൽ തന്റെ മുറിയിൽ തൂങ്ങി മരിക്കുന്നത്. അനിയത്തിയുടെ മരണത്തെക്കുറിച്ച് സിമ്രാൻ അധികം എവിടെയും സംസാരിച്ചിട്ടില്ല. താരത്തിനും കുടുംബത്തിന് വലിയ ആഘാതമായിരുന്നു ഈ മരണം.
ആത്മഹത്യക്ക് പിന്നിലെ കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. പാർവൈ ഒൻട്ര് പോതുമേ എന്ന സിനിമയിൽ മാെണാൽ അഭിനയിച്ചിട്ടുണ്ട്. 2001 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നടൻ കുണൽ സിംഗ് ആയിരുന്നു നായകൻ. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്നും ബന്ധം തകർന്നതോടെയാണ് മാെണാൽ ആത്മഹത്യ ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സിമ്രാൻ ഇക്കാര്യം നിഷേധിച്ചു.
മൊണാലിന് പ്രണയമുണ്ടായിരുന്നു. എന്നാൽ അത് കുണാലുമായി ആയിരുന്നില്ല. പ്രമുഖ ഡാൻസ് കൊറിയോഗ്രാഫറുടെ അനുജനെയായിരുന്നു. എന്നാൽ ആ ബന്ധം ബ്രേക്കപ്പായത് അനുജത്തിയുടെ ആത്മഹത്യക്ക് പിന്നിലെന്ന് സിമ്രാൻ ആരോപിച്ചു. അന്ന് സിമ്രാൻ കേസ് കൊടുത്തതുമാണ്. എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ കേസ് മുന്നോട്ട് പോയില്ല. പിന്നീട് ഈ വിവാദങ്ങൾ കെട്ടടങ്ങി.
മാെണാൽ മരിച്ച് കുറച്ച് വർഷങ്ങൾക്കുള്ളിൽ നടൻ കുണാൽ സിംഗും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. 2008 ലാണ് കുണാൽ മുംബെെയിലെ തന്റെ അപാർട്മെന്റിൽ തൂങ്ങി മരിക്കുന്നത്. കരിയറിലെ തകർച്ച, വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് കുണാലിന്റെ ആത്മഹത്യക്ക് കാരണമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. ഒപ്പമഭിനയിക്കുന്ന നടിയുമായുള്ള കുണാലിന്റെ അടുപ്പം നടനും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ.
ഈ രണ്ട് ആത്മഹത്യക്കുറിച്ച് ഇന്നും വ്യക്തമായ വിവരം ലഭ്യമല്ല. സിനിമാ ലോകത്ത് സമാനമായ ഒന്നിലേറ സംഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണമാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സംഭവങ്ങളിലൊന്ന്. 2020 ലാണ് നടൻ ആത്മഹത്യ ചെയ്തത്. വിഷാദ രോഗം നടനെ അലട്ടിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമായി അന്വേഷണ സംഘം പറയുന്നത്. എന്നാൽ സുശാന്തിന്റെ മരണത്തിന് പിന്നിൽ ഉന്നതരുടെ പങ്കുണ്ടെന്ന് ഇന്നും ശക്തമായ വാദമുണ്ട്.
#what #happened #monal #kunalsingh #life #here #details