(moviemax.in) നടൻ കൊല്ലം തുളസി അടുത്തിടെ പത്തനാപുരം ഗാന്ധിഭവനിൽ നടത്തിയ പ്രസംഗം വൈറലായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് പോയശേഷം ആറ് മാസകാലത്തോളം കൊല്ലം തുളസി ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. മകൾ പോലും തുളസിയോട് ഇപ്പോൾ മിണ്ടാറില്ല. കാൻസർ ബാധിച്ചശേഷമാണ് ഭാര്യ ഉപേക്ഷിച്ച് പോയതെന്നാണ് കൊല്ലം തുളസി പറഞ്ഞത്. ഭാര്യ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് മകൾ പോലും തന്നെ ഉപേക്ഷിച്ചതെന്ന് ഒരു അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞിരുന്നു.
എന്റെ ജീവിതത്തിൽ എല്ലാം ആകസ്മികമായാണ് സംഭവിക്കാറുള്ളത്. പത്തനാപുരം ഗാന്ധിഭവനിലേക്കും അങ്ങനൊരു ആകസ്മിക യാത്രയാണ് സംഭവിച്ചത്. നടി ലൈലി അമ്മയ്ക്കൊപ്പം ഗാന്ധിഭവനിൽ ഇപ്പോൾ താമസിക്കുന്നുണ്ട്. അവരെ കണ്ടപ്പോഴാണ് ഞാൻ എന്നെ കുറിച്ച് ചിന്തിച്ചത്.
അമ്മയെ എവിടെ എങ്കിലും കൊണ്ടുപോയി കളഞ്ഞിട്ട് വരാനാണ് ലൈലിയോട് മക്കൾ പറഞ്ഞത്. എന്റെ കഥയും ഏകദേശം സമാനമാണ്. എന്റെ നല്ല കാലത്ത് എനിക്ക് പാകമല്ലാത്ത ഒരു ബെൽറ്റ് എടുത്ത് ഞാൻ ധരിച്ചു. അത് പിന്നീട് ഒരു ബുദ്ധിമുട്ടായി തോന്നി. അവർക്ക് എന്ന സഹിക്കാൻ പറ്റുന്നില്ലെന്ന് തോന്നിയതുകൊണ്ടാകാം. എന്റെ ഭാര്യയായ സ്ത്രീ എന്നെ ഉപേക്ഷിച്ച് പോയി.
എനിക്കുള്ള വിഷമം എന്റെ മകളെപ്പോലും എന്നിൽ നിന്നും അകറ്റി എന്നതാണ്. എടുത്ത് പറയത്തക്ക ഒരു കുറ്റവും എന്നിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. കലാകാരന് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ അത്തരം മൂല്യങ്ങൾ ഞാൻ ഉയർത്തിപ്പിടിക്കാറുണ്ട്. മാത്രമല്ല എന്റെ അച്ഛൻ ഒരു അധ്യാപകൻ കൂടിയാണ്. മരിക്കാൻ ഞാൻ എപ്പോഴും റെഡിയാണ്. പതിമൂന്ന് വർഷം മുമ്പാണ് എനിക്ക് കാൻസർ വന്നത്.
പക്ഷെ ഒരു പോസിറ്റീവ് മൈന്റോടെയാണ് ഞാൻ എന്നും ജീവിക്കുന്നത്. കാൻസർ വന്നശേഷം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് ഞാൻ പാപ്പരായി. അന്ന് മകൾക്ക് ബാംഗ്ലൂരിൽ ജോലിയാണ്. കാൻസർ ബാധിച്ച് ഞാൻ ചികിത്സയിലായിരുന്ന സമയത്താണ് ഭാര്യ എന്നോട് പറയാതെ ഇറങ്ങിപ്പോയത്. ജോലിക്കാരിയോട് മാത്രമെ പോവുകയാണെന്ന് പറഞ്ഞുള്ളു.
ചാവാൻ കിടക്കുന്ന അങ്ങേരെ ഞാൻ എന്തിന് കാണണം എന്നാണ് ജോലിക്കാരി ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി. മാനസീകമായ ഐക്യം ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു. എന്റെ ആദ്യത്തെ കല്യാണം ആയിരുന്നു. അവരുടെ രണ്ടാം വിവാഹവും. ആദ്യ ബന്ധത്തിൽ അവർക്ക് രണ്ട് മക്കളുണ്ടായിരുന്നു. അവരുടെ മക്കളുടെ പെർമിഷൻ ചോദിച്ചിട്ടാണ് ഞാൻ വിവാഹം കഴിച്ചത്. ആ പിള്ളേർക്കും എന്നെ ഇഷ്ടമായിരുന്നു. അന്ന് പോയശേഷം ഭാര്യ തിരിച്ച് വന്നില്ല.
അതിന് മുമ്പ് മകളുടെ വിവാഹം ഞാൻ നടത്തിയിരുന്നു. ഞാൻ ആഭാസനാണ്, കള്ളുകുടിയനാണ്, പെണ്ണ് പിടിയനാണ് എന്നൊക്കെ ആ സ്ത്രീ എന്റെ മകളോട് പറഞ്ഞു. അമ്മ ഇങ്ങനൊക്കെ പറഞ്ഞാൽ മകൾ വിശ്വസിക്കും. പത്ത് മാസം ചുമന്ന് പ്രസവിച്ച കണക്കുണ്ടല്ലോ. ആ പത്ത് മാസത്തിനുശേഷം ബാക്കി എപ്പോഴും ചുമക്കുന്നത് അച്ഛന്മാരാണ്. പക്ഷെ ആ അച്ഛന്മാർക്ക് എങ്ങും പരിഗണനയില്ല. മക്കൾ പോലും ഓർക്കാറില്ല. ഞാൻ വിളിച്ചാൽ മോള് ഫോൺ എടുക്കാറില്ല.
ഓമനിച്ച് നെഞ്ചത്തിട്ട് വളർത്തിയ മോളാണ്. ഞാൻ ആ പേജ് വലിച്ചുകീറി. അതുകൊണ്ട് എനിക്കിപ്പോൾ സങ്കടമില്ല. രണ്ടാംകെട്ടുകാരിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് ആരെങ്കിലും എന്നോട് പറഞ്ഞാൽ ചെയ്യരുതെന്നാണ് ഞാൻ പറയാറ്. കാരണം എന്റെ അനുഭവം അതാണ്. അനാഥത്വം ഫീൽ ചെയ്തപ്പോഴാണ് ഗാന്ധിഭവനിലേക്ക് പോയത്. പിന്നെ കാൻസർ വന്നശേഷം എന്നെ ആരും സിനിമയിലേക്ക് വിളിക്കാറുമില്ല.
ഷൂട്ടിന് ഇടയിൽ ഞാൻ മരിച്ചുപോയാലോയെന്നാണ് അവർ ചിന്തിക്കുന്നത്. ആറ് മാസത്തോളം ഗാന്ധിഭവനിൻ താമസിച്ചു. എന്നെ നോക്കാൻ ഇപ്പോൾ ഒരു കുട്ടിയുണ്ട്. എന്റെ ദത്ത്പുത്രിയാണ്. അനാഥകുട്ടിയാണ്. ഏഴ് വർഷമായി. അത് എന്നെ പൊന്നുപോലെയാണ് നോക്കുന്നത്. ഞാൻ മരിച്ചാൽ അവൾക്ക് വേണ്ടിയുള്ളത് ഞാൻ കരുതിയിട്ടുണ്ട്. നല്ലോണം പാചകം ചെയ്യുമെന്നും ജീവിതകഥ വിവരിച്ച് കൊല്ലം തുളസി പറഞ്ഞു.
Kollam Tulsi about her adopted daughter