(moviemax.in) മല്ലിക സുകുമാരന്റെ പ്രസ്താവനയെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് നടത്തിയ പ്രതികരണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും അവരുടെ പഠന കാലത്ത് കണ്ടതിനെക്കുറിച്ചും സംവിധായകൻ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നുണ്ട്.
'എന്റെ മക്കളും പട്ടാളം സ്കൂളിൽ പഠിച്ചവരാണെന്ന് മല്ലിക ചേച്ചി പറയുന്നു. സെെനിക് സ്കൂളിൽ പഠിച്ചാൽ പട്ടാളം ആകില്ല ചേച്ചീ. ആയിരക്കണക്കിന് പിള്ളേർ പഠിച്ചിറങ്ങുന്നതല്ലേ. തിരുവനന്തപുരത്ത് താമസിക്കുന്ന മല്ലിക ചേച്ചിയും സുകുമാരേട്ടനും എന്തിന് കഴക്കൂട്ടം സെെനിക് സ്കൂളിൽ ഇവരെ ആക്കിയെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. രാജീവ് അഞ്ചലിന്റെ അപ്പൂപ്പൻ താടികൾ എന്ന സീരിയൽ ഷൂട്ട് ചെയ്യാൻ സെെനിക് സ്കൂളിൽ പോയപ്പോൾ അവിടെ വെച്ചാണ് ഞാൻ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും ആദ്യമായി പരിചയപ്പെടുന്നത്'
'നടൻ സുകുമാരന്റെ കുട്ടികളാണ് ആ നിൽക്കുന്നതെന്ന് ഏതോ കുട്ടി വന്ന് എന്നോട് പറഞ്ഞു. ഞാൻ അവിടെ അന്വേഷിച്ചപ്പോൾ അറിഞ്ഞത് സുകുമാരേട്ടന്റെ ഡയലോഗ് എന്തെങ്കിലും മിമിക്രിയായി കാണിച്ചാൽ പൃഥ്വിരാജ് അവനെ അപ്പോൾ അടിക്കുമെന്നാണ്. ഇന്ദ്രജിത്ത് അടിക്കില്ല. ഇന്ദ്രജിത്ത് പാവമായിരുന്നു. ഞാൻ രണ്ട് പേരെയും പരിചയപ്പെട്ടു. അവർക്ക് ഓർമയുണ്ടോ എന്നെനിക്ക് അറിയില്ല' എന്നാണു ശാന്തിവിള ദിനേശ് പറഞ്ഞത്.
അതേസമയം മേജർ രവി കഴിഞ്ഞ ദിവസം മല്ലിക സുകുമാരനെതിരെ നടത്തിയ പരാമർശങ്ങൾ ശാന്തിവിള ദിനേശ് അംഗീകരിക്കുന്നില്ല. എമ്പുരാനെക്കുറിച്ച് ആദ്യം നല്ലത് പറഞ്ഞ മേജർ രവി പിന്നീട് ഇത് മാറ്റിപ്പറഞ്ഞെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടുന്നുണ്ട്. മേജർ രവിയുടെ ഭീഷണികളിൽ മല്ലിക സുകുമാരൻ ഭയക്കില്ലെന്നും കാരണം അവർ സുകുമാരന്റെ ഭാര്യയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
'എമ്പുരാനെക്കുറിച്ച് ഞാൻ പറയാൻ ഇറങ്ങിയാൽ നിങ്ങളുടെ മകൻ പൃഥ്വിരാജിന്റെ റേഷൻ കട്ടാകുമെന്നാണ് മേജർ രവി പറയുന്നത്. എന്ത് വങ്കത്തരമാണ്. സെൻസർ ചെയ്ത് തിയറ്ററിൽ വന്ന ഒരു പടത്തെക്കുറിച്ചാണ് ഈ പറയുന്നെന്ന് ശാന്തിവിള ദിനേശ് വിമർശിച്ചു. മേജർ പറഞ്ഞാൽ ഒരു ചുക്കും സംഭവിക്കില്ല. ഇത് കേരളമാണ്. നിങ്ങൾ യുപിയിലോ ഗുജറാത്തിലോ പോയി പറ. ഇവിടെ ഒരു പുല്ലും നടക്കില്ല. അത് നിങ്ങളുടെ വ്യാമോഹമാണ്. അല്ലെങ്കിൽ മല്ലിക ചേച്ചിയെ പോലൊരു പാവത്തെ വിരട്ടാൻ പറയുന്നതാണ്. അവരങ്ങളെ വിരളുമെന്ന് തോന്നുന്നില്ല. കാര്യം എന്തൊക്കെ പറഞ്ഞാലും മല്ലിക ചേച്ചി അങ്ങനെ വിരളുന്ന ആളല്ല.
ഒന്നുമില്ലെങ്കിലും നല്ല ചങ്കൂറ്റമുള്ള സുകുമാരന്റെ ഭാര്യയല്ലേ,' ശാന്തിവിള ദിനേശ് പറഞ്ഞു. രാജ്യസ്നേഹം ഉണ്ടെങ്കിൽ, പിറന്ന നാടിനോട് കൂറുണ്ടെങ്കിൽ നിങ്ങൾ മലയാളിയെ നാണം കെടുത്താൻ കള്ളക്കണക്കുകളുമായി എടുത്ത് ഇപ്പോൾ ദേശീയ അവാർഡ് വാങ്ങിയ സിനിമയ്ക്കെതിരെ സംസാരിക്കണം എന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Shanthivil Dinesh on meeting Prithviraj and Indrajith during their studies