സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി. വിജയ് ദേവരക്കൊണ്ട നായകനായ ചിത്രം ഇപ്പോഴും അവസാനിക്കാത്ത വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച സിനിമയാണ്. അര്‍ജ്ജുന്‍ റെഡ്ഡിയെന്ന ചിത്രത്തെ ഒരു വിഭാഗം വലിയ തോതില്‍ ആഘോഷിക്കുമ്പോള്‍ മറ്റൊരു വിഭാഗം ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ നിശിതമായി വിമര്‍ശിക്കുന്നവരാണ്. പിന്നീട് ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിംഗും വലിയ വിജയമായിരുന്നു.
എന്നാല്‍ ടോക്‌സിക് മസ്‌കുലാനിറ്റിയെ ആഘോഷിക്കുന്ന സിനിമ എന്ന വിമര്‍ശനം എല്ലാകാലത്തും അര്‍ജ്ജുന്‍ റെഡ്ഡിയും അതിന്റെ റീമേക്കുകളും നേരിടുന്നുണ്ട്. അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെയാണ് വിജയ് ദേവരക്കൊണ്ട വലിയ താരമായി മാറുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കായ കബീര്‍ സിംഗില്‍ ഷാഹിദ് കപൂറായിരുന്നു നായകന്‍. ഹിന്ദിയില്‍ നായികയായി എത്തിയത് കിയാര അദ്വാനിയായിരുന്നു. കിയാരയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയിരുന്നു കബീര്‍ സിംഗ്.
അതേസമയം അര്‍ജ്ജുന്‍ റെഡ്ഡിയില്‍ നായികയായി അഭിനയിച്ചത് ശാലിനി പാണ്ഡെയായിരുന്നു. സിനിമ വിജയത്തിനൊപ്പം ശാലിനിയും കയ്യടി നേടി. എന്നാല്‍ അര്‍ജ്ജുന്‍ റെഡ്ഡിയ്ക്ക് ശേഷം അതുപോലൊരു വിജയം ആവര്‍ത്തിക്കാനോ കിയാരയ്ക്കുണ്ടായത് പോലൊരു കരിയര്‍ വളര്‍ച്ച നേടാനോ ശാലിനിയ്ക്ക് സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് ശാലിനി പാണ്ഡെ.
കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും ശാലിനി സംസാരിക്കുന്നുണ്ട്. ''അന്ന് എനിക്കെതിരെ കടുത്ത ബോഡി ഷെയ്മിംഗുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ പുതിയ ആളായിരുന്നു. സൗത്തിലെ ഭാഷയും എനിക്ക് അറിയില്ലായിരുന്നു. എന്റെ അനുഭവക്കുറവ് എന്റെ മുന്‍ മാനേജര്‍ മുതലെടുത്തു. ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാതിരുന്ന പലതും എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു'' എന്നാണ് തന്റെ കരിയറില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് ശാലിനി പറഞ്ഞത്.
അതേസമയം തനിക്ക് നിരന്തരം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നുവെന്നാണ് ശാലിനി പറയുന്നത്. ''അത്‌ലറ്റിക് ആയിരുന്നിട്ടും എനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നു. ഞാന്‍ സ്‌പോര്‍ട്‌സിലൊക്കെ പങ്കെടുത്തിരുന്ന ആളാണ്. ഇപ്പോഴും ആളുകള്‍ എന്നെ കളിയാക്കാറുണ്ട്'' എന്നാണ് ശാലിനി പറഞ്ഞത്. എന്താണ് ആളുകള്‍ തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് തനിക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് ശാലിനി പറയുന്നത്.
മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ തുടക്കകാലത്തെക്കുറിച്ചും ശാലിനി സംസാരിക്കുന്നുണ്ട്. അഭിനേത്രിയാകാന്‍ വീട്ടില്‍ നിന്നും ഓടിപ്പോരേണ്ടി വന്നുവെന്നാണ് ശാലിനി അന്ന് വെളിപ്പെടുത്തിയത്.
''പപ്പ ആഗ്രഹിച്ചത് ഞാന്‍ എഞ്ചിനീയറിംഗ് ചെയ്യണം എന്നായിരുന്നു. ഞാന്‍ ശ്രമിച്ചുവെങ്കിലും എനിക്ക് അതിന് സാധിച്ചില്ല. അഭിനയിക്കാന്‍ പോകുന്നതിനോട് പപ്പയ്ക്ക് എതിര്‍പ്പായിരുന്നു. നാല് വര്‍ഷം അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വീട് വിട്ട് ഓടിപ്പോരേണ്ടി വന്നു'' എന്നാണ് ശാലിനി പറഞ്ഞത്.
ഇന്ന് ഓര്‍ക്കുമ്പോള്‍ അതൊരു തമാശ പോലെ തോന്നുമെങ്കിലും അന്ന് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അതിനാലാണ് താന്‍ ഓടിപ്പോന്നതെന്നുമാണ് താരം പറയുന്നത്. മുംബൈയിലേക്കായിരുന്നു ശാലിനി വന്നത്. പോകാന്‍ എവിടേയുമില്ലായിരുന്നു.
രണ്ട് സുഹൃത്തുക്കള്‍ മുംബൈയിലുണ്ടായിരുന്നു. പക്ഷെ അവരുടെ കൂടെ താമസിക്കാന്‍ പറ്റില്ലായിരുന്നു. ഇതോടെ തനിക്ക് ആണ്‍കുട്ടികളുടെ കൂടെ താമസിക്കേണ്ടി വന്നു. പക്ഷെ പിന്നീട് അവര്‍ തന്റെ കുടുംബം പോലെയായി മാറിയെന്നാണ് ശാലിനി പറയുന്നത്. താന്‍ ഇപ്പോഴും ആ സൗഹൃദം വളരെ സ്‌പെഷ്യല്‍ ആയിട്ടാണ് കാണുന്നതെന്നും ശാലിനി പറയുന്നുണ്ട്.
നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ മഹാരാജ് ആണ് ശാലിനിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ അരങ്ങേറ്റ സിനിമയായിരുന്നു മഹാരാജ്. ജയ്ദീപ് അഹ്ലാവത്, ശര്‍വരി വാഗ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് മഹാരാജ്. ഡബ്ബ കാര്‍ട്ടല്‍, ബാന്റ് വാലെ എന്നീ സിനിമകളും ശാലിനിയുടേതായി അണിയറയിലുണ്ട്.
#shalinipandey #revealed #her #ex #manager #took #advantage #her #in #experience