ചിരിക്കാൻ കഴിയുക എന്നത് മനോഹരമായ കാര്യമാണ്. മാനസിക-ശാരീരിക ആരോഗ്യത്തിന് ചിരിയുടെ സ്ഥാനം വലുതാണ്. എന്നാൽ ചിരി തുടങ്ങി നിർത്താൻ കഴിയാതിരുന്നാലോ? അത്തരമൊരു അനുഭവമാണ് തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിക്ക് പങ്കുവെക്കാനുള്ളത്. ചിരി തുടങ്ങിയാൽ നിർത്താൻ കഴിയാത്ത സ്യൂഡോബൾബർ എന്ന അവസ്ഥയാണ് അനുഷ്കയുടേത്.
ചിരിയുമായി ബന്ധപ്പെട്ടുള്ള രോഗമാണ് തന്റേതെന്നു പറഞ്ഞാണ് അനുഷ്ക ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കേൾക്കുന്നവർക്ക് അത്ഭുതം തോന്നാം. ചിരി ഒരു പ്രശ്നമാണോ എന്നൊക്കെ.
എന്നാൽ തനിക്ക് ചിരി ഒരു പ്രശ്നമാണ്. ചിരി തുടങ്ങിയാൽ പതിനഞ്ചുമുതൽ ഇരുപതു മിനിറ്റോളം തനിക്കത് നിർത്താൻ കഴിയില്ല- അനുഷ്ക പറയുന്നു.
ഹാസ്യരംഗങ്ങൾ കാണുകയോ ഷൂട്ട് ചെയ്യുകയോ ഒക്കെ ചെയ്യുമ്പോൾ ചിരിച്ച് മറിയുകയും ഇതുമൂലം പലതവണ ഷൂട്ടിങ് നിർത്തേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും അനുഷ്ക പറഞ്ഞു.
എന്താണ് സ്യൂഡോബൾബർ അഫെക്റ്റ്?
പെട്ടെന്ന് നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ചിരിയും കരച്ചിലും വരുന്ന അവസ്ഥയാണിത്. ചിലതരം നാഡീതകരാറുകളോ അപകടങ്ങളോ ഉണ്ടായിട്ടുള്ളവരിലാണ് കൂടുതലായും കണ്ടുവരുന്നത്. മസ്തിഷ്കം വികാരങ്ങളെ നിയന്ത്രിക്കുന്നതിനെ ബാധിക്കുന്ന ഇവിടെ സംഭവിക്കുന്നത്.
സ്യൂഡോബൾബർ അവസ്ഥയുള്ളവരിൽ വികാരങ്ങൾ സാധാരണമായി അനുഭവപ്പെടാം. പക്ഷേ ചിലഘട്ടങ്ങളിൽ അവ അമിതവും അനിയന്ത്രിതവുമാവുന്നു. പലപ്പോഴും ഈയവസ്ഥയെ മൂഡ് ഡിസോർഡേഴ്സുമായി ബന്ധപ്പെടുത്തുന്നതുകൊണ്ടുതന്നെ രോഗം തിരിച്ചറിയപ്പെടാതെ പോകാനുമിടയുണ്ട്.
ലക്ഷണങ്ങൾ
സ്യൂഡോബൾബർ അഫെക്റ്റിന്റെ പ്രധാനലക്ഷണം ഇടയ്ക്കിടെ അനിയന്ത്രിതമായി വരുന്ന ചിരിയോ കരച്ചിലോ ആണ്. ചിരി ചിലപ്പോൾ കരച്ചിലിലേക്കും വഴിമാറാം. ചിരിയേക്കാൾ നിയന്ത്രിക്കാനാവാത്ത കരച്ചിലാണ് ഇവിടെ കൂടുതൽ പ്രകടമാവാറുള്ളത്. ഏതാനും നിമിഷങ്ങളോളം ഈ വികാരങ്ങൾ നീണ്ടുനിൽക്കാം.
വളരെ ചെറിയ കാര്യങ്ങളിൽപ്പോലും ചിരിയോ, കരച്ചിലോ നിർത്താനാവാതെ വരാം. കരച്ചിലിന്റെ തോത് കൂടുതലായതിനാൽ തന്നെ പലപ്പോഴും വിഷാദവുമായി ബന്ധപ്പെടുത്തുന്നവരുമുണ്ട്. എന്നാൽ വിഷാദം നീണ്ടുനിൽക്കുന്ന മാനസികാവസ്ഥയാണ്. വിഷാദേരാഗികളിലേതുപോലെ ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയവയൊന്നും സ്യൂഡോബൾബർ രോഗികളിലുണ്ടാവില്ല.
രോഗലക്ഷണം ഉണ്ടെന്ന് തോന്നിയാൽ വിദഗ്ധചികിത്സ തേടുന്നതാണ് നല്ലത്. ന്യൂറോസൈക്കോളജിസ്റ്റുകൾ, ന്യൂറോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ തുടങ്ങിയവരാണ് രോഗനിർണയം നടത്തുക. രോഗത്തേക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതിനാൽ മികപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്.
#anushkashetty #suffering #from #laughing #disease #pseudobulbar #affect