മകൾക്ക് സുരക്ഷയൊരുക്കിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ അതിനും തയ്യാറെന്ന് നോട്ടിംഗ്ഹാംഷെയറിൽ നിന്നുള്ള ഒരു അച്ഛൻ. ക്ലിഫ്, ഡാൺ ദമ്പതികളാണ് തങ്ങളുടെ വീടിന് ആറടിയിലധികം ഉയരം വരുന്ന വേലി പണിതത്. എന്നാൽ, വലിയ ഉയരത്തിൽ വീടിന് വേലി പണിതതിന് പിന്നാലെ ഇയാൾക്കെതിരെ അയൽക്കാരൻ പരാതി നൽകിയിരുന്നു. അതിൽ ക്ലിഫ് അപ്പീൽ നൽകിയെങ്കിലും കൗൺസിൽ അപ്പീൽ തള്ളി.

ജില്ലാ കൗൺസിൽ ക്ലിഫിനോട് ആ വേലി പൊളിച്ചു കളയണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. തങ്ങളുടെ ഓട്ടിസമുള്ള മകളുടെ സുരക്ഷയെ കരുതിയാണ് താൻ ആ വേലി പണിതത് എന്നും അത് പൊളിച്ചു കളയാൻ സാധിക്കില്ല എന്നുമായിരുന്നു ക്ലിഫിന്റെയും ഭാര്യയുടേയും നിലപാട്.
ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ നിയമം കൂടുതൽ അയവുള്ളതാക്കണമെന്ന് ദമ്പതികൾ ലെവലിംഗ് അപ്പ് സെക്രട്ടറി മൈക്കൽ ഗോവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. 'ഞാൻ എന്റെ സ്ഥലത്താണ് നിൽക്കുന്നത്. എന്റെ മകളുടെ സുരക്ഷയാണ് എനിക്ക് ഏറ്റവും പ്രധാനം' എന്നാണ് ക്ലിഫ് ബിബിസി റേഡിയോയോട് പറഞ്ഞത്.
'ഈ വേലി പണിയാൻ സുരക്ഷ മാത്രമാണ് കാരണം. ഞങ്ങളുടെ മകൾക്ക് കളിക്കാൻ സ്ഥലം വേണം. അവൾ സുരക്ഷിതയായിരിക്കണം. അവളുടെ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം. ഞങ്ങൾക്ക് ഈ വേലി പൊളിക്കാൻ ഒമ്പതുമാസമാണ് തന്നത്. അത് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം. ചിലപ്പോൾ കോടതി നടപടികൾ നേരിടേണ്ടി വരുമായിരിക്കും.
ചിലപ്പോൾ അവർ ഇത് പൊളിച്ചു മാറ്റാൻ വരുമായിരിക്കും. പക്ഷേ, അവർക്കതിന് സാധിക്കില്ല. കാരണം ഇതെന്റെ മണ്ണാണ്. ഈ വേലി ഇവിടെ ഉള്ളതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടാലും എനിക്ക് പ്രശ്നമില്ല. ഞാനത് ഗൗനിക്കുന്നില്ല. എന്റെ മകളാണ് എനിക്ക് വലുത്, അവളുടെ സുരക്ഷയാണ് എനിക്ക് പ്രധാനം' എന്നും ക്ലിഫ് പറയുന്നു.
#All #safety #his #daughter #father #fenced #six #foot #flood