#Latest News #Kerala #Wildlife #Human Conflict #Wayanad
തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായി സർക്കാർ. വനത്തിനുള്ളിൽ തന്നെയുള്ള വന്യജീവികളുടെ പുനരധിവാസത്തിനായി കേരളം പുതിയ പദ്ധതിക്ക് രൂപം നൽകി. ഇതിന്റെ ആദ്യഘട്ടം വയനാട്ടിൽ നടപ്പാക്കാനാണ് തീരുമാനം. ഒരു വനമേഖലയിൽ അമിതമായി കേന്ദ്രീകരിക്കുന്ന വന്യജീവികളെ, അതേ വർഗത്തിന്റെ എണ്ണം കുറവുള്ള മറ്റ് അനുയോജ്യമായ വനമേഖലകളിലേക്ക് മാറ്റുന്നതാണ് ഈ പദ്ധതി.
വയനാട്ടിലെ പദ്ധതി വിജയിക്കുന്ന മുറയ്ക്ക് ഇത് സംസ്ഥാനത്തെ മറ്റ് വനമേഖലകളിലേക്കും വ്യാപിപ്പിക്കും. ഓരോ ജീവിവർഗത്തിന്റെയും സാന്ദ്രതയും വനത്തിന്റെ വാഹകശേഷിയും കണ്ടെത്താനായി കോയമ്പത്തൂരിലെ സലീം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയെ വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മന്ത്രി ഷിബു ബേബി ജോൺ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് അന്തിമ രൂപമായത്. കുരങ്ങുകൾ, മയിലുകൾ തുടങ്ങി പുനരധിവാസം ആവശ്യമെന്ന് കണ്ടെത്തുന്ന എല്ലാ ജീവിവർഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തും.
ആവശ്യമെങ്കിൽ അയൽസംസ്ഥാനങ്ങളിലെ വനമേഖലകളിലേക്ക് ജീവികളെ മാറ്റുന്നതും പരിഗണനയിലുണ്ട്. ഇതിനായി കേന്ദ്രതലത്തിൽ ആവശ്യമായ നിയമഭേദഗതികളും ആലോചിക്കുന്നുണ്ട്. വന്യജീവികളെ വനത്തിനുള്ളിൽ വേഗത്തിൽ സുരക്ഷിതമായി എത്തിക്കുന്നതിനായി വ്യോമസേനയുടെ സഹായത്തോടെ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്ന കാര്യവും പദ്ധതിയിലുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷത്തിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരത്തുക 50 ശതമാനം വർധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ ഓഗസ്റ്റിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
നാടൻ കുരങ്ങിനെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽനിന്ന് ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റുന്നതിനുള്ള നിയമഭേദഗതി കേന്ദ്രം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ, വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്താനായി അധികമായി 25 റാപ്പിഡ് റെസ്പോൺസ് ടീമുകളെക്കൂടി രൂപവത്കരിക്കും. യോഗത്തിൽ വനം-തദ്ദേശ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Content Highlight: Kerala Govt New Wildlife Relocation Project To Reduce Human Animal Conflict

































