---
title: "'കളി അവസാനിച്ചു, പക്ഷേ ജോലി തുടരുന്നു...'; ശസ്ത്രക്രിയയ്ക്ക് ശേഷം വികാരാധീനനായി അമിതാഭ് ബച്ചൻ"
english_title: "Amitabh Bachchan Health Update: Actor Calls Post-Surgery Recovery "
publisher: "moviemax.in"
canonical_url: "https://moviemax.in/news/373774/amitabh-bachchan-health-update-blog-post-surgery"
published_at: "2026-07-21T16:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f53ad09a34_amitabh-bachchan-health-update-blog-post-surgery.jpg"
keywords: ["Amitabh Bachchan", "Amitabh Health", "Bollywood News", "Amitabh Blog"]
---

# 'കളി അവസാനിച്ചു, പക്ഷേ ജോലി തുടരുന്നു...'; ശസ്ത്രക്രിയയ്ക്ക് ശേഷം വികാരാധീനനായി അമിതാഭ് ബച്ചൻ

> **Lead Summary:** ****ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗവിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്താതെ ആശുപത്രി വിട്ടതിന് പിന്നാലെ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ പങ്കുവെച്ച പേഴ്‌സണൽ ബ്ലോഗ് കുറിപ്പ് ആരാധകരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് 83-കാരനായ താരം കുറിച്ചു.

## Article Content

****ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗവിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്താതെ ആശുപത്രി വിട്ടതിന് പിന്നാലെ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ പങ്കുവെച്ച പേഴ്‌സണൽ ബ്ലോഗ് കുറിപ്പ് ആരാധകരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് 83-കാരനായ താരം കുറിച്ചു.

> "ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം," എന്ന് ബച്ചൻ തന്റെ ബ്ലോഗിൽ വ്യക്തമാക്കി.

> ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ചും വികാരനിർഭരമായി അദ്ദേഹം കുറിച്ചു. "നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽ വന്നുനിൽക്കും. അത് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമാണ്. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും.

> നിരന്തരം പോരാടി ധീരത കാട്ടുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ ഭൂതകാലത്തിലെ പ്രതാപത്തിൽ ജീവിക്കും. അത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്, അതിൽ ശരിയോ തെറ്റോ ഇല്ല," എന്ന് പറഞ്ഞ അദ്ദേഹം എല്ലാവർക്കും സന്തോഷവും ആരോഗ്യവും നേർന്നുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.

തനിക്ക് നേരിട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. എന്നാൽ ബ്ലോഗിന് തൊട്ടുപിന്നാലെ 'കളി അവസാനിച്ചു! പക്ഷേ ജോലി ഇപ്പോഴും തുടരുന്നു' എന്നൊരു നിഗൂഢമായ കുറിപ്പും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. താരത്തിന്റെ കുറിപ്പുകൾ പുറത്തുവന്നതോടെ ആശങ്കയിലായ ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373774/amitabh-bachchan-health-update-blog-post-surgery)