#Vismaya Mohanlal #Delhi Protest #CJP #Student Protest #Delhi Police #Lathi Charge #Exam Irregularities #Jantar Mantar
രാജ്യതലസ്ഥാനത്ത് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിനെതിരെ പോലീസ് സ്വീകരിച്ച കടുത്ത നടപടിയിൽ രൂക്ഷമായ വിമർശനവുമായി നടി വിസ്മയ മോഹൻലാൽ രംഗത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി - സി.ജെ.പി.യുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ നടന്ന രാപകൽ സമരത്തിന്റെ ഭാഗമായ മാർച്ചിനെതിരെയാണ് ഡൽഹി പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയത്.
സംഭവത്തെ വിമർശിച്ച് വിസ്മയ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു. "കണ്ണീർ വാതകം, ലാത്തി ചാർജ്. വിദ്യാർഥികൾക്ക് പരിക്കേറ്റു, റോഡുകൾ ബ്ലോക്ക് ചെയ്തു, മെട്രോ സ്‌റ്റേഷൻ അടച്ചിട്ടു. നഗരത്തിൽ ഉടനീളം ബാരിക്കേഡുകൾ. ഇന്റർനെറ്റ് വിച്ഛേദിച്ചു" എന്നാണ് പോസ്റ്റിന്റെ തുടക്കം.
ജന്തർമന്തറിൽ ഒരു മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച ആയിരക്കണക്കിന് യുവാക്കൾ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ബലപ്രയോഗം നടത്തിയതോടെ സംഘർഷം രൂക്ഷമായി. നൂറിലേറെ സി.ജെ.പി. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർഥികൾക്കും പോലീസുകാർക്കും പരിക്കേറ്റു. സംഘർഷത്തിനിടെ ചിലർ പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു. 50-ലേറെ പോലീസുകാർക്ക് പരിക്കേറ്റതായി ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധക്കാരോട് യോജിക്കണമെന്നില്ലെന്നും എന്നാൽ അവരുടെ ആവശ്യങ്ങൾ കേൾക്കേണ്ടതാണെന്നും വിസ്മയ കുറിപ്പിൽ പറയുന്നു. "പ്രതിഷേധക്കാരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്‌ക്കേണ്ട. പങ്കെടുക്കുന്ന സംഘടനകളോട് ആഭിമുഖ്യം പോലും വേണ്ട.
ചർച്ചകൾക്കുപകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളിലോരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം" എന്ന് വിസ്മയ ചോദിക്കുന്നു."കാരണം, നാളെ നിങ്ങളായിരിക്കും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നത്.
നിങ്ങളല്ലെങ്കിൽ നഗരത്തിൽ, തൊട്ടടുത്ത്, കുടുംബത്തിൽ ഉള്ളൊരാൾ" എന്നും അവർ കൂട്ടിച്ചേർത്തു. അവസാനമായി "സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?" എന്ന ചോദ്യത്തോടെയാണ് വിസ്മയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മോഹൻലാലിന്റെ മകളായ വിസ്മയയുടെ ഈ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സി.ജെ.പി.യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വിസ്മയ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലെ ഉള്ളടക്കം:
കണ്ണീർ വാതകം, ലാത്തി ചാർജ്. വിദ്യാർഥികൾക്ക് പരിക്കേറ്റു, റോഡുകൾ ബ്ലോക്ക് ചെയ്തു, മെട്രോ സ്‌റ്റേഷൻ അടച്ചിട്ടു. നഗരത്തിൽ ഉടനീളം ബാരിക്കേഡുകൾ. ഇന്റർനെറ്റ് വിച്ഛേദിച്ചു.
പ്രതിഷേധക്കാരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്‌ക്കേണ്ട. പങ്കെടുക്കുന്ന സംഘടനകളോട് ആഭിമുഖ്യം പോലും വേണ്ട.
ചർച്ചകൾക്കുപകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളിലോരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം. കാരണം, നാളെ നിങ്ങളായിരിക്കും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നത്. നിങ്ങളല്ലെങ്കിൽ നഗരത്തിൽ, തൊട്ടടുത്ത്, കുടുംബത്തിൽ ഉള്ളൊരാൾ.
നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?
Content Highlight: Viswamaya Mohanlal Criticizes Delhi Police Action Against Student Protest
#Vismaya Mohanlal #Delhi Protest #CJP #Student Protest #Delhi Police #Lathi Charge #Exam Irregularities #Jantar Mantar


































