#Latest News #Ranjini Haridas #NEET Protest #CBSE #Jantar Mantar #Student Protest #CJP #Delhi
(moviemax.in) നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ വിദ്യാർഥികൾ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടി രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവർ രംഗത്തെത്തി.
കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ പാർലമെന്റിലേക്ക് സംഘടിപ്പിച്ച മാർച്ചിന്റെ ഭാഗമായാണ് ഇവർ ജന്തർ മന്തറിലെത്തിയത്. നീതിയുള്ള ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന വിദ്യാർഥികളെ കേൾക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്ന് രഞ്ജിനി ഹരിദാസ് ആരോപിച്ചു. പ്രതിഷേധ സ്ഥലത്തുനിന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് ഇവർ തങ്ങൾ നേരിട്ട ഭീകരാവസ്ഥ പങ്കുവെച്ചത്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് അനാവശ്യമായി ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നുവെന്ന് രഞ്ജിനി പറഞ്ഞു. തുടക്കത്തിൽ ബാരിക്കേഡുകൾക്ക് സമീപം എത്തിയെങ്കിലും പിന്നീട് പോലീസ് എല്ലാ വഴികളും അടച്ച് പ്രതിഷേധക്കാരെ ശ്വാസം മുട്ടിക്കുന്ന സാഹചര്യമുണ്ടാക്കിയെന്നും തങ്ങൾക്കുമേൽ വലിയ മാനസിക സമ്മർദ്ദമുണ്ടായെന്നും ഇവർ കൂട്ടിചേർത്തു.
സമരസ്ഥലത്ത് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നെന്നും സഹപ്രവർത്തക സിജ റോസ് സാഹസികമായാണ് പുറത്തുപോയി വെള്ളമെത്തിച്ചതെന്നും ഇവർ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ സാധാരണക്കാരായ കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടുനിൽക്കാൻ സാധിച്ചില്ലെന്നും, ഒരു ജനാധിപത്യ രാജ്യത്ത് നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ് ഡൽഹിയിൽ അരങ്ങേറുന്നതെന്നും നോയ്‌ല ഫ്രാൻസി പ്രതികരിച്ചു.
അതേസമയം, വൈകുന്നേരത്തോടെ സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയും സ്റ്റേജ് പൊളിച്ചുമാറ്റുകയും ചെയ്തെങ്കിലും, രാത്രി ഒൻപതരയോടെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ പ്രവർത്തകർ ജന്തർ മന്തറിലേക്ക് തിരിച്ചെത്തി സമരം പുനരാരംഭിച്ചു. സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
Content Highlight: Ranjini Haridas Supports NEET CBSE Protest At Jantar Mantar Delhi
#Latest News #Ranjini Haridas #NEET Protest #CBSE #Jantar Mantar #Student Protest #CJP #Delhi

































