#Latest News #Idukki #Emergency Assistance Scheme #Elephant Attack #Chinnakanal
ഇടുക്കി: (truevisionnews.com) ചിന്നക്കനാൽ മേഖലയിലുണ്ടായ അതിദരുരന്തമായ കാട്ടാന ആക്രമണത്തിൽ അമ്മ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത പതിനൊന്നുകാരൻ രക്ഷകന് താങ്ങായി സർക്കാർ രംഗത്ത്.
കുട്ടിയുടെ പൂർണ്ണ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും ഇതിനായി വനം വകുപ്പിന്റെ പ്രത്യേക മാതൃകാ സഹായ പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും വനം മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.
വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും, അപകട ഇൻഷുറൻസ് ട്രിബ്യൂണൽ മാതൃകയിൽ പുതിയൊരു നഷ്ടപരിഹാര പദ്ധതിക്ക് രൂപം നൽകാൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന് ഫണ്ടിന്റെ വലിയ അപര്യാപ്തതയുണ്ടെന്ന് മന്ത്രി തുറന്നുപറഞ്ഞു. മുൻകാലങ്ങളിൽ വകയിരുത്തിയ തുകയുടെ പകുതി പോലും വകുപ്പിന് ലഭ്യമായിട്ടില്ല.
ഈ സാഹചര്യത്തിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി കൂടുതൽ ശക്തമായ സംയോജിത പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ അടിയന്തര സാഹചര്യം മുൻനിർത്തി ഇന്ന് വൈകിട്ട് എട്ട് മണിക്ക് മുഖ്യമന്ത്രിയുമായി പ്രത്യേക ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സൂര്യനെല്ലി സ്വദേശിനിയായ മാരിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിരുവള്ളൂർ ഉന്നതിയിൽ നിന്നും മകൻ രക്ഷകനെ സ്കൂളിലേക്ക് അയക്കാനായി റോഡിലേക്ക് ഇറങ്ങിയതായിരുന്നു മാരി.
എന്നാൽ മേഖലയിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ റോഡരികിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ ഇവർക്ക് കാണാൻ കഴിഞ്ഞില്ല. തുടർന്നുണ്ടായ ആനയുടെ പൊടുന്നനെയുള്ള ആക്രമണത്തിൽ മാരി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
ആക്രമണത്തിൽ കൈയ്ക്കും കാലിനും പരിക്കേറ്റ മകൻ രക്ഷകനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാകുന്നതിൽ വലിയ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.
Content Highlight: Wild elephant attack in Chinnakanal: Government will protect Mari's son
#Latest News #Idukki #Emergency Assistance Scheme #Elephant Attack #Chinnakanal
































