#Rape Case
തലശ്ശേരി : (https://truevisionnews.com/) പീഡനക്കേസിൽ കോടതിയിൽ നിന്ന് ജാമ്യം നേടി മുങ്ങിയ ശേഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പത്ത് വർഷത്തിന് ശേഷം പിടിയിൽ. കൊല്ലം ചെരിനാട് വെളിമൺ സ്വദേശി പുത്തൻവീട് അഷ്റഫ് (47) ആണ് എറണാകുളത്ത് വച്ച് തലശ്ശേരി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
2016ൽ സെയിദാർപള്ളി സ്വദേശിയായ യുവതിയെ കാണാതായിരുന്നു. യുവതിയെ കണ്ടെത്തിയപ്പോൾ കൊല്ലം സ്വദേശിയായ അഷ്റഫ് എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് മൊഴി നൽകി.
തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോയതോടെ കേസിന്റെ വിചാരണ നടപടികൾ തടസ്സപ്പെടുകയും കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
മാട്രിമോണിയൽ സൈറ്റ് വഴി യുവതികളുമായി പരിചയം സ്ഥാപിച്ച് പീഡിപ്പിക്കുന്ന രീതിയായിരുന്നു ഇയാളുടേത്. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്തശേഷം എറണാകുളത്ത് പെയിന്റ് പണിക്കാരനാണെന്ന വ്യാജേന മുങ്ങിനടക്കുന്നതിനിടെയാണ് അഷ്റഫിനെ പൊലീസ് പിടികൂടുന്നത്. രണ്ടാഴ്ചയോളം ഇരു ജില്ലകളിലുമായി പ്രത്യേക അന്വേഷണസംഘം രഹസ്യാന്വേഷണം നടത്തി ഇന്നലെ രാത്രി എറണാകുളത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.ടി.പി. സൈഫുദ്ദീൻ, പ്രൊബേഷനറി എസ്ഐമാരായ പി.ആർ. രഞ്ജിത്ത്, ഗിരിലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിതീഷ് ആലക്കണ്ടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. തലശ്ശേരി എഎസ്പി എം. നന്ദഗോപൻ, ഇൻസ്പെക്ടർ പ്രജീഷ്, എസ്ഐ അശ്വതി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Content Highlight: Rape case: Suspect arrested after 10 years

































