#Latest News #Wayanad Medical College #Doctor #Vigilance Raid
വയനാട്: ( www.truevisionnews.com ) വയനാട് മെഡിക്കൽ കോളേജിലെ ഡോക്ടർ വൻതുക ശമ്പളം കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തെറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോക്ടർ വി.ശിവപ്രസാദാണ് പിടിയിലായത്.
മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നതായി കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പികെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. രോഗികളെന്ന പേരിലെത്തിയാണ് വിജിലൻസ് സംഘം ശിവപ്രസാദിനെ കൈയോടെ പൊക്കിയത്.
കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് പരിശോധന നടത്തിയത്. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തുവരവെയാണ് ശിവപ്രസാദ് വിജിലൻസിന്റെ പിടിയിലായത്.
വയനാട് മെഡിക്കൽ കോളേജിൽ നിന്ന് മൂന്ന് ലക്ഷം രൂപ മാസ ശമ്പളം കൈപ്പറ്റുന്ന ശിവപ്രസാദ് സ്വകാര്യ ആശുപത്രിയിൽനിന്ന് ഏഴ് ലക്ഷം രൂപയാണ് മാസ ശമ്പളമായി വാങ്ങിയിരുന്നതെന്ന് വിജിലൻസ് അറിയിച്ചു. സ്വകാര്യ പ്രാക്ടീസിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ഇയാൾ നടപടി നേരിട്ടിരുന്നതായി ആക്ഷേപമുണ്ട്.
സർക്കാർ ശമ്പളം കൈപ്പറ്റി സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസ് നടത്തിവരുന്ന ഡോക്ടർമാർക്കെതിരെ തുടർന്നും നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർ ശംഭുനാഥ്. കെ സബ്ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, സബ് ഇൻസ്‌പെക്ടർ അബ്ദുൽസലാം, സിവിൽ പോലീസ് ഓഫീസർ ശോജി, രാഹുൽ എന്നിവർ അടങ്ങുന്ന സംഘമാണ് ഡോ.ശിവപ്രസാദിനെ പിടികൂടിയത്.
Content Highlight: A doctor from Yanad Medical College was caught by vigilance while conducting private practice while receiving a huge salary
#Latest News #Wayanad Medical College #Doctor #Vigilance Raid

































