#Latest News #Thrissur #Suresh Gopi #Ministry
തൃശൂർ: (truevisionnews.com) കേന്ദ്ര മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകളെ രൂക്ഷമായ പരിഹാസത്തോടെ തള്ളി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
സിനിമകളിൽ അഭിനയിക്കാൻ സൗകര്യമൊരുക്കുന്നതിനായി, ഈ മാസം അവസാനം നടക്കാനിരിക്കുന്ന കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ തന്നെ സഹമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടുവെന്ന രീതിയിൽ പ്രമുഖ ചാനലുകളിലടക്കം വാർത്തകൾ വന്നിരുന്നു.
ഈ വാർത്തകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇതിനെതിരെ രംഗത്തുവന്നത്. "സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു.... നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..." എന്നായിരുന്നു വാർത്തകളോടുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതിയെന്നും അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി, വ്യാജ വാർത്തകൾ ചമയ്ക്കുന്ന മാധ്യമങ്ങളോട് തന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് ഓർമ്മിപ്പിച്ചുകൊണ്ട് "ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം!" എന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ ഈ സോഷ്യൽ മീഡിയ പോസ്റ്റ്.
Content Highlight: Suresh Gopi denies reports that he was asked to resign from his ministerial post


































