#Latest News #Kozhikode #Sattar Pantalloor #Former Minister K.T. Jaleel
കോഴിക്കോട്: (truevisionnews.com) മുൻ മന്ത്രി കെ.ടി. ജലീൽ സി.പി.എം അംഗത്വമെടുത്തതിന് പിന്നാലെ വിശ്വാസികൾ കമ്യൂണിസ്റ്റാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ രംഗത്ത്.
കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് ഐഡിയോളജി എന്നത് അരിക്കും തുണിക്കും വേണ്ടി നടത്തുന്ന കേവല രാഷ്ട്രീയ പ്രവർത്തനമല്ലെന്നും, അത് പരസ്യമായി മതത്തോട് ഏറ്റുമുട്ടുന്നു എന്നത് ഒരു വസ്തുതയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഒരിക്കലും മതത്തെ ഉൾക്കൊള്ളാൻ കഴിയില്ലെന്നും തിരിച്ച് മതത്തിന് കമ്യൂണിസ്റ്റ് ഐഡിയോളജിയെയും ഉൾക്കൊള്ളാനാകില്ല. ഒന്ന് ദൈവത്തെ തള്ളിപ്പറയുകയും മറ്റൊന്ന് ദൈവാസ്തിക്യത്തെ അംഗീകരിക്കുകയും ചെയ്യുന്നു എന്നത് തന്നെയാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേവല ഭൗതിക താല്പര്യങ്ങൾക്ക് വേണ്ടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ മാറിമാറി പ്രവർത്തിക്കുന്നത് പോലെയല്ല ഇതെന്നും സത്താർ പന്തല്ലൂർ ഓർമ്മിപ്പിച്ചു. അതേസമയം, രാഷ്ട്രീയവും ഭൗതികവുമായ കാരണങ്ങൾ കൊണ്ട് കേവലം ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്നവരും അതിനോട് ചേർന്നുനിൽക്കുന്നവരും ഉണ്ടാകാമെന്നും അതിനെ മതപക്ഷത്തുള്ളവരാരും കുറ്റപ്പെടുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷത്തുള്ള മുന്നണിയിൽ തന്നെ അരഡസനോളം കമ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടെന്നും, ഇടതുപക്ഷ മുന്നണിയെന്ന് പറയപ്പെടുന്ന എൽ.ഡി.എഫിനേക്കാൾ കൂടുതൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഉള്ളത് അപ്പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷേ അതൊന്നും പ്രത്യയശാസ്ത്രപരമായ മാറ്റമായി ആരും കണക്കാക്കുന്നില്ല. അങ്ങനെ പ്രത്യയശാസ്ത്രപരമായി കമ്യൂണിസത്തിലേക്ക് മാറാൻ ഒരു മതവിശ്വാസിക്ക് സാധ്യവുമല്ല. എന്നാൽ, രാഷ്ട്രീയമായ കാരണങ്ങളാൽ കേവല പാർട്ടി എന്ന നിലയ്ക്ക് മെമ്പർഷിപ്പ് മാറുന്നതും മുന്നണി മാറുന്നതും മതപരമായ കോണിൽ വിമർശിക്കപ്പെടേണ്ടതില്ലെന്നും, ഇത് രണ്ടും വേർതിരിച്ച് മനസ്സിലാക്കാൻ വിശ്വാസി സമൂഹത്തിന് സാധിക്കണമെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Content Highlight: Sattar Pantalloor says a religious person cannot ideologically convert to communism
#Latest News #Kozhikode #Sattar Pantalloor #Former Minister K.T. Jaleel





























