#Latest New #Kafir Screenshot Case #SIT #Vatakara
കോഴിക്കോട്: ( www.truevisionnews.com ) കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണസംഘം.
ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. കേസില്‍ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ സി.കെ കാസിമിന്റെയും മൊഴിയെടുക്കും. എസ്‌ഐടിയുടെ ആദ്യയോഗം വടകരയില്‍ പൂര്‍ത്തിയായി.
രാവിലെ പത്ത് മണിക്ക് വടകര റൂറല്‍ എസ്പി ഓഫീസിലാണ് യോഗം ചേര്‍ന്നത്. കോഴിക്കോട് റൂറല്‍ എസ്പി ഫറാഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോഹരന്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കേസിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ തുടര്‍ നീക്കങ്ങള്‍ക്ക് രൂപം നല്‍കിയതായാണ് വിവരം.
അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചെങ്കിലും വ്യാജ സ്‌ക്രീന്‍ഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ പേജില്‍ സജീവമാണ്. സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന്റെ ഫേസ് പേജിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴുമുള്ളത്.
ഇയാള്‍ക്കും സ്‌ക്രീന്‍ഷോട്ട്പ്രചരിപ്പിച്ച മുന്‍ സി പിഎം എംഎല്‍എ കെ.കെ ലതികക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേര്‍ത്തത്.
ഹൈക്കോടതി ഇടപടെലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐപ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം മുന്നോട്ടു പോയിരുന്നില്ല.
Content Highlight: Special investigation team to expedite investigation into Kafir screenshot case


































