---
title: "'ലൈക്കുകൾക്കും വ്യൂസിനും വേണ്ടി വ്യാജവാർത്ത പ്രചരിപ്പിക്കരുത്'; മോഹൻലാൽ ചിത്രത്തെക്കുറിച്ച് തരുൺ മൂർത്തി"
english_title: "Fake news about Mohanlal movie; Tarun Murthy responds"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363978/fake-news-about-Mohanlal-movie-tarun-murthy-responds"
published_at: "2026-06-05T12:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2273602d0de_Fake_news_about_Lalettan_movie;_Tarun_Murthy_responds.jpg"
keywords: ["Tarun Moorthy", "Athimanoharam", "Mohanlal", "Athimanoharam Movie Shooting Update"]
---

# 'ലൈക്കുകൾക്കും വ്യൂസിനും വേണ്ടി വ്യാജവാർത്ത പ്രചരിപ്പിക്കരുത്'; മോഹൻലാൽ ചിത്രത്തെക്കുറിച്ച് തരുൺ മൂർത്തി

> **Lead Summary:** 'തുടരും' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'അതിമനോഹരം' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

## Article Content

'തുടരും' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'അതിമനോഹരം' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ, തിരക്കഥയിലെ ചില ആശയക്കുഴപ്പങ്ങൾ കാരണം സിനിമയുടെ ചിത്രീകരണം താല്ക്കാലികമായി നിർത്തിവെച്ചു എന്ന തരത്തിലുള്ള ചില റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.

സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ തരുൺ മൂർത്തി.

'തിരക്കഥയിലെ ആശയക്കുഴപ്പം കാരണം ഞങ്ങളുടെ ഷൂട്ടിംഗ് നിർത്തിവച്ചതായി അവകാശപ്പെടുന്ന നിരവധി ഓൺലൈൻ വാർത്തകളും കോളുകളും എനിക്ക് ലഭിക്കുന്നുണ്ട്. ഇത് പൂർണ്ണമായും തെറ്റാണ്.

കഴിഞ്ഞ 78 ദിവസമായി ഞങ്ങൾ തൊടുപുഴയിൽ ഷൂട്ടിംഗ് നടത്തിവരികയാണ്. അതേ, മഴയും കാലാവസ്ഥയും ഞങ്ങളുടെ ചില പദ്ധതികളെ ബാധിച്ചിട്ടുണ്ട്, പക്ഷേ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും വളരെ ആവേശത്തോടെയും പോസിറ്റീവിറ്റിയോടെയും ചിത്രീകരണം തുടരാനും ഞങ്ങളുടെ ടീം കഠിനമായി പരിശ്രമിക്കുന്നു.

വ്യക്തിപരമായ ലൈക്കുകൾക്കും വ്യൂസിനും വേണ്ടി സ്ഥിരീകരിക്കാത്ത വിവരങ്ങൾ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അത്തരം തെറ്റായ വിവരങ്ങൾ പ്രേക്ഷകർക്കിടയിൽ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയും മുഴുവൻ ടീമിന്റെയും ശ്രമങ്ങളെ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ ധാരണയ്ക്കും പിന്തുണയ്ക്കും നന്ദി', തരുൺ മൂർത്തിയുടെ വാക്കുകൾ.

ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം.

നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/363978/fake-news-about-Mohanlal-movie-tarun-murthy-responds)