#ED raid #Chief Minister VD Satheesan #Pinarayivijayan
ന്യൂഡൽഹി: (https://truevisionnews.com/) പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മുഖം തിരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു വി ഡി സതീശൻ സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു സീതശനോട് മാധ്യമപ്രവർത്തകൻ ചോദ്യം ഉയർത്തിയത്. ഒരക്ഷരം സംസാരിക്കാതെ മുഖ്യമന്ത്രി തിരിഞ്ഞ് നടക്കുകയായിരുന്നു.
അതേസമയം സ്വന്തം വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ എട്ട് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് പിന്നാലെ, സോഷ്യൽ മീഡിയയിലൂടെ കടുത്ത രാഷ്ട്രീയ പ്രതിരോധം തീർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
എട്ട് മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കി, പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവ് പിണറായി പുതിയ ചിത്രം പോസ്റ്റ് ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറ്റ് സിപിഎം നേതാക്കളും പിണറായിക്കൊപ്പം നിൽക്കുന്നതാണ് ചിത്രം. പിണറായിക്ക് പിന്തുണ അർപ്പിച്ച് പ്രവർത്തകരും പോസ്റ്റിൽ കമന്‍റ് ചെയ്യുന്നുണ്ട്. മുന്നോട്ട് സഖാവെ ,ഇനിയും മുന്നോട്ട്.. കണ്ടില്ലേ... കേരളക്കരയുടെ ശബ്ദം വീര്യം.... കൂടെ ഉണ്ടാവും. കഴിഞ്ഞ 10 വർഷം മഷിക്കുപ്പി സമരങ്ങൾ മാത്രം കണ്ട പൂക്കികുഞ്ഞുങ്ങളോടാണ്... ഇത് പ്രസ്ഥാനം വേറെ ആണ്... എന്നിങ്ങനെയാണ് പോസ്റ്റിന് അടിയിൽ വരുന്ന കമെന്റുകൾ
ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നുമാണ് പിണറായി വിജയൻ ഇഡി റെയ്ഡിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇഡി പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വൻ സംഘർഷമാണ് ഉണ്ടായത്.
ഇഡി ഉദ്യോഗസ്ഥര്‍ കാറിൽ കയറിയ ശേഷം സംഘർഷം കനക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘർഷത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
Content Highlight: content highlights:- ED raid, Chief Minister turns a blind eye to the question Pinarayivijayan


































