#Latest News #Kerala Weather #Heavy Rain #Yellow Alert
തിരുവനന്തപുരം : (https://truevisionnews.com/) സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്. മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശം നൽകി.
തീരങ്ങളിൽ കടലാക്രമണ ഭീതി; കള്ളക്കടൽ മുന്നറിയിപ്പ്
മഴയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് കടുത്ത കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇന്ന് (മേയ് 27) ഉച്ചയ്ക്ക് 2.30 മുതൽ നാളെ (മേയ് 28) രാത്രി 11.30 വരെ തീരങ്ങളിൽ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചുയരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) എന്നീ തീരപ്രദേശങ്ങളിലാണ് പ്രധാനമായും കടലാക്രമണ സാധ്യതയുള്ളത്. ഇതിന് പുറമേ കന്യാകുമാരി തീരത്തും നാളെ രാത്രി വരെ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ബീച്ചുകളിൽ നിയന്ത്രണം; മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം
കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടുത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം.
തിരമാലകൾ ശക്തമാകുന്ന സാഹചര്യത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും പൂർണ്ണമായി ഒഴിവാക്കണം. ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന യാനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി നിരോധിച്ചിരിക്കുകയാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Content Highlight: Content Highlights:- Heavy rain likely in the state today; Yellow alert in 5 districts, high tide warning on coasts



































