കണ്ണൂര്: ( www.truevisionnews.com ) പരാജയഭീതിയിൽ പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം നേതൃത്വം ആസൂത്രിതനീക്കം നടത്തുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഒരു കേന്ദ്രത്തിൽനിന്നും വ്യാജ തിരിച്ചറിയൽ കാർഡുകൾ പ്രിന്റ് ചെയ്യാൻ തുടങ്ങിയതായും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നതെന്നും ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്ന ഏത് ഉദ്യോഗസ്ഥനായാലും അവരെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടി തെറ്റായ വഴിയിലൂടെ കടന്നുപോകുമ്പോൾ അത് ചൂണ്ടിക്കാട്ടിയതിനാണ് വി. കുഞ്ഞികൃഷ്ണനെ സി.പി.എമ്മിൽനിന്നും പുറത്താക്കിയത്. കുഞ്ഞികൃഷ്ണൻ അധികാരത്തിന്റെ അപ്പക്കഷ്ണം തേടിവന്നതല്ല. തെറ്റായ വഴിയിലൂടെ നയിക്കുന്ന പാർട്ടിക്കെതിരെ പ്രതികരിച്ച് പുറത്തുവന്നതാണ്. അതു കൊണ്ടാണ് കുഞ്ഞികൃഷ്ണനെ പോലുള്ളവരെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ ആരോപണം സിപിഎം തള്ളി.
വ്യാജ കാർഡുണ്ടാക്കൽ സിപിഎമ്മിന്റെ രീതിയല്ലെന്ന് ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങളാണ് ഡീൽ ആരോപണത്തിലൂടെ നടത്തുന്നത്. പ്രതിപക്ഷ നേതാവ് അവതരണം കൊണ്ട് വീടുകൾ നിർമ്മിക്കുന്നു. യൂത്ത് കോൺഗ്രസും കോൺഗ്രസും നൽകാമെന്ന് പറഞ്ഞതിനേക്കാൾ വീടുകൾ നിർമ്മിച്ചുവെന്നും എം.എ ബേബി പരിഹസിച്ചു. വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വോട്ട് നേടേണ്ട ആവശ്യം സി പിഎമ്മിനില്ലെന്ന് കെ.രാധാകൃഷ്ണൻ എംപിയും പറഞ്ഞു.
cpm is making fake aadhaar cards in payyannur kc venugopal alleges

































