---
title: " ശ്രീരാമനായി രൺബീർ കപൂർ,സീതയായി സായ് പല്ലവി, ഹനുമാനായി സണ്ണി ഡിയോൾ; രാമായണ'ത്തിലെ ഇതിഹാസ ദൃശ്യങ്ങൾ പുറത്ത്!"
english_title: "Epic scenes from 'Ramayana' revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351141/epic-scenes-from-ramayana-revealed"
published_at: "2026-04-02T14:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce3217a7517_rr.jpg"
keywords: []
---

#  ശ്രീരാമനായി രൺബീർ കപൂർ,സീതയായി സായ് പല്ലവി, ഹനുമാനായി സണ്ണി ഡിയോൾ; രാമായണ'ത്തിലെ ഇതിഹാസ ദൃശ്യങ്ങൾ പുറത്ത്!

> **Lead Summary:** **[ **ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിലെ രാമന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ഇതിഹാസ കാവ്യത്തിൽ രൺബീർ കപൂർ ആണ് ശ്രീരാമനായി വേഷമിടുന്നത്.

## Article Content

**[ **ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിലെ രാമന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ഇതിഹാസ കാവ്യത്തിൽ രൺബീർ കപൂർ ആണ് ശ്രീരാമനായി വേഷമിടുന്നത്.

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, വിഷ്വൽ ഇഫക്റ്റ്സ് രംഗത്തെ വമ്പന്മാരായ ഡി.എൻ.ഇ.ജി, റോക്കിംഗ് സ്റ്റാർ യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

രാമന്റെ യാത്രയിലെ ആഴത്തിലുള്ള മാനുഷിക വികാരങ്ങൾക്കും സത്യസന്ധതയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു. താനൊരു പഠിതാവായാണ് ഈ വേഷത്തെ കാണുന്നതെന്നും രാമന്റെ പരിശുദ്ധിയും ലാളിത്യവും ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് തന്നെ വിനീതനാക്കുന്നുവെന്നുമാണ് രൺബീർ കപൂർ പ്രതികരിച്ചത്.

ആഗ്രഹങ്ങളേക്കാൾ കടമയ്ക്കും സുഖങ്ങളേക്കാൾ സത്യത്തിനും മുൻഗണന നൽകുന്ന രാമന്റെ ത്യാഗപൂർണ്ണമായ ജീവിതമാണ് ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറവും ഈ കഥയെ പ്രസക്തമാക്കുന്നതെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി.

സായ് പല്ലവി സീതയായും, സണ്ണി ഡിയോൾ ഹനുമാനായും, രവി ദുബെ ലക്ഷ്മണനായും എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിച്ചാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാർ ആക്ഷൻ രംഗങ്ങൾ ഒരുക്കുമ്പോൾ വിഷ്വൽ ഇഫക്റ്റ്സ് രംഗത്തെ വിസ്മയങ്ങൾ ഡി.എൻ.ഇ.ജി ഉറപ്പാക്കുന്നു. ശ്രീധർ രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും. നിലവിൽ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351141/epic-scenes-from-ramayana-revealed)