Apr 2, 2026 03:35 PM

(moviemax.in) സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായ പശ്ചാത്തലത്തിൽ അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി (WCC). സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതികളെക്കുറിച്ചും സിനിമാ നയങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമാകുമ്പോഴും മാറ്റങ്ങൾ സംഭവിക്കുന്നില്ലെന്നത് വേദനിപ്പിക്കുന്നതാണെന്ന് സംഘടന വ്യക്തമാക്കി.

"ഹൈക്കോടതി റിപ്പോർട്ടിനിടയിലും, സിനിമാ പോളിസിക്കിടയിലും, ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. എന്നും അവൾക്കൊപ്പം തന്നെയുണ്ടാകും. സിനിമയെ സുരക്ഷിതവും നീതിയുക്തവും മാന്യവുമായ ഒരു തൊഴിലിടമായി മാറ്റേണ്ടതുണ്ട്," എന്ന് ഡബ്ല്യുസിസി സോഷ്യൽ മീഡിയയിൽ കുറിച്ചു. ലൈംഗികാതിക്രമ പരാതിയിൽ രഞ്ജിത്ത് നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ ഈ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരള സമൂഹത്തിൽ വീണ്ടും മറ്റൊരു യുവനടിയുടെ ഗുരുതര ആരോപണം ആഞ്ഞടിക്കുന്നു. സംവിധായകൻ രഞ്ജിത്തിനെതിരെ ആണ് ഈ പുതിയ ആരോപണം. ഹൈക്കോടതി റിപ്പോർട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും , ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും? അതെ..പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ നിന്ന്. വാർത്തകൾ പ്രകാരം നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? IC അംഗങ്ങൾ സെറ്റിൽ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോൾ ആ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റിൽ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവർ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്! ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങൾ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്.

ഡബ്ല്യുസിസി (Women in Cinema Collective) ഹൈക്കോടതിയിൽ നിന്ന് ഓരോ സിനിമാ സെറ്റിലും IC ഉണ്ടാകണമെന്ന് ഉത്തരവ് നേടി, ഇത് നിരീക്ഷിക്കാൻ മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു. ഏറെ പ്രവർത്തന പരിപാടികൾ കമ്മിറ്റി ഗൗരവപൂർവ്വം മുന്നോട്ടു വെച്ചു.പക്ഷെ എന്നിട്ടും ഇവ എന്തുകൊണ്ട് കൃത്യമായി പ്രവർത്തിക്കുന്നില്ല? ഇച്ഛാശക്തിയില്ലാത്തതുകൊണ്ട്? അവബോധമില്ലാത്തതുകൊണ്ട്? അതെ! രേഖകളിൽ മാത്രം കൃത്യ മാക്കപ്പെടേണ്ടതല്ല ഇതൊന്നും തന്നെ!

IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിൽ നമ്മൾ കണ്ടത്. അനീതിയും പീഡനവും തടയാനുള്ള യഥാർത്ഥ അർത്ഥത്തിൽ പോഷ് നടപ്പാക്കാതിരുന്നാൽ . ശക്തരായവർ നിയമത്തിനു മുകളാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകൾക്ക് അസ്വാസ്ഥ്യകരമായ തൊഴിൽ ഇടമായി സിനിമ രംഗം തുടരും. ഈ സാഹചര്യത്തിൽ ആരെയും കാത്തു നിൽക്കാതെ പോലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം. ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബൂണൽ എന്നതിന്റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തിൽ വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

അതിജീവിതർ അർഹിക്കുന്നത് വിശ്വാസവും പിന്തുണയും, നീതിയുക്തമായ ഒരു സംവിധാനവുമാണ്. തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല, സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിലിടങ്ങൾക്കായുള്ള പോരാട്ടത്തിൽ WCC എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.

എന്നും #അവൾക്കൊപ്പം!

കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വാദം കേള്‍ക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

'IC is becoming a tool in the hands of the powerful'; WCC expresses solidarity with the survivors of Ranjith's arrest

Next TV

Top Stories