---
title: "താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു"
english_title: "Actor Prithviraj Sukumaran responds to internal issues within the star organization 'Amma'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/368345/actor-prithviraj-sukumaran-responds-to-internal-issues-within-the-star-organization-amma"
published_at: "2026-06-25T15:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cf62162675_SDASD.jpg"
keywords: ["Latest news", "Prithviraj Sukumaran", "AMMA", "Issue"]
---

# താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

> **Lead Summary:** കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. സംഘടനയിലെ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കണ്ടെത്താൻ നിലവിലെ താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് നടി പാർവതി തിരുവോത്തും വ്യക്തമാക്കി.

## Article Content

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. സംഘടനയിലെ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കണ്ടെത്താൻ നിലവിലെ താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് നടി പാർവതി തിരുവോത്തും വ്യക്തമാക്കി.

നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐ നോബഡി'യുടെ പ്രമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം. 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

> "അമ്മ സംഘടനയിൽ എല്ലാവർക്കും അറിയുന്നതുപോലെ അംഗങ്ങൾക്കിടയിൽ ആശയപരമായും അല്ലാതെയും ചില പ്രശ്നങ്ങളുണ്ട്. സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് ഇതിന് പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിലുള്ള പ്രതിഷേധാർത്ഥം കുറച്ചധികം അംഗങ്ങൾ അവരുടെ സ്ഥാനങ്ങളും അംഗത്വവും രാജിവെച്ചു എന്നത് യാഥാർത്ഥ്യമാണ്.

> ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി പരിഹാര ചർച്ചകൾ നടത്തിയെങ്കിലും വിയോജിപ്പുള്ളവർ രാജിവെച്ചു പോവുകയായിരുന്നു. ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്നാലോചിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഒരു താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളത്. അവർക്ക് എത്രയും പെട്ടെന്ന് ഇതിനൊരു നല്ല പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ."

അതേസമയം, നടൻ ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 27-ാം തീയതിയിലേക്ക് മാറ്റി. ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ പരാതി നൽകിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/368345/actor-prithviraj-sukumaran-responds-to-internal-issues-within-the-star-organization-amma)