---
title: "'അച്ഛന്റെ അവസാന ദൃശ്യങ്ങളാണിത്, ദയവായി നെഗറ്റീവ് കമന്റുകൾ ഇടരുത്'; അച്ഛന്റെ ഓർമ്മകളിൽ സിന്ധു കൃഷ്ണ"
english_title: "'These are the last glimpses of my father, please don't leave negative comments'; Sindhu Krishna on her father's memories"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351149/these-are-the-last-glimpses-of-my-father-please-dont-leave-negative-comments-sindhu-krishna-on-her-fathers-memories"
published_at: "2026-04-02T14:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce361ad25a9_Sindhu_Krishna_on_her_fathers_memories.jpg"
keywords: []
---

# 'അച്ഛന്റെ അവസാന ദൃശ്യങ്ങളാണിത്, ദയവായി നെഗറ്റീവ് കമന്റുകൾ ഇടരുത്'; അച്ഛന്റെ ഓർമ്മകളിൽ സിന്ധു കൃഷ്ണ

> **Lead Summary:** നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥന്റെ വേർപാടിന് പിന്നാലെ സിന്ധു പങ്കുവെച്ച പുതിയ വ്ലോഗ് ശ്രദ്ധേയമാകുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം അന്തരിച്ചത്. കൊച്ചുമക്കളാണ് പ്രിയപ്പെട്ട അപ്പൂപ്പന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

## Article Content

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥന്റെ വേർപാടിന് പിന്നാലെ സിന്ധു പങ്കുവെച്ച പുതിയ വ്ലോഗ് ശ്രദ്ധേയമാകുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം അന്തരിച്ചത്. കൊച്ചുമക്കളാണ് പ്രിയപ്പെട്ട അപ്പൂപ്പന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

പിതാവിന്റെ മരണശേഷം പങ്കുവെച്ച വ്ലോഗിന് പിന്നിലെ കാരണവും സിന്ധു കൃഷ്ണ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്ലോഗ് പങ്കുവെക്കുന്നതിനെതിരെ ആരും നെഗറ്റീവ് കമന്റുകളുമായി വരരുതെന്ന് സിന്ധു അഭ്യർത്ഥിച്ചു. അച്ഛനെക്കുറിച്ചുള്ള ഓർമ്മകളും കുടുംബാംഗങ്ങളുടെ ഹൃദയസ്പർശിയായ കുറിപ്പുകളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വ്ലോഗ് പ്രസിദ്ധീകരിക്കാൻ പ്രത്യേക സാഹചര്യമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

''അച്ഛന്റെ അവസാന നിമിഷങ്ങളുള്ള വിഷ്വലുകൾ ഉള്ളത് കൊണ്ടാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. അനാവശ്യമായ നെഗറ്റീവ് കമന്റുകൾ ഒഴിവാക്കണം. അപ്രതീക്ഷിതമായി കുറേ കാര്യങ്ങൾ സംഭവിച്ചു. ശനിയാഴ്ച ഡാഡിയെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ ഇസിജിയെല്ലാം എടുത്തിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. ഞായറാഴ്ച ഡാഡി മോഹൻലാലിന്റെയും ശ്രീനിവാസന്റെയും സിനിമ കണ്ട് ആസ്വദിക്കുന്ന വിഷ്വൽസ് ഡാഡിയുടെ ഹോം നേഴ്സ് ആദി അയച്ച് തന്നു. ഡാഡിയുടെ വിവരങ്ങളെല്ലാം പുള്ളി ഫോട്ടോയും വീഡിയോയുമായി അയച്ചുതരാറുണ്ട്. നല്ലൊരു സ്വീറ്റ് ബോയ് ആണ്.

'അവസാനത്തെ വിഷ്വൽസ്'

ഡാഡി വീണെന്ന് ആദി വിളിച്ച് പറഞ്ഞപ്പോഴും ആംബുലൻസ് വിളിക്കുമ്പോഴും ഡ്രെെവർ വന്നപ്പോഴുമെല്ലാം ഡാഡിക്ക് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. ക്ഷീണവും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഡാഡിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. സ്ട്രോക്ക് വന്നതിന്റേതായ കുഴപ്പങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്ത് ടെസ്റ്റ് ചെയ്താലും നോർമൽ ആയിരുന്നു. അങ്ങനെയൊരു വാർത്ത കേൾക്കാൻ ഞാൻ‌ തയ്യാറല്ലായിരുന്നു. ഇനിയങ്ങോട്ട് ഡാഡിയുടെ ക്ലിപ്പുകൾ എന്റെ വ്ളോഗിൽ ഉണ്ടാകില്ലല്ലോ. എന്റെ വീട്ടിലിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒന്നും ഉണ്ടാകില്ല. ഡാഡി ജീവിച്ചിരുന്നപ്പോൾ എടുത്ത അവസാനത്തെ വിഷ്വൽസ് ആണ് ഈ വ്ളോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്'', സിന്ധു കൃഷ്ണ വ്ളോഗിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351149/these-are-the-last-glimpses-of-my-father-please-dont-leave-negative-comments-sindhu-krishna-on-her-fathers-memories)