---
title: "പേട്രിയറ്റ് ട്രെയിലർ ലോഞ്ച് ചരിത്രമാകാൻ മമ്മൂട്ടിയും മോഹൻലാലും; തൃശ്ശൂരിലും കൊച്ചിയിലും ഒരേസമയം ആഘോഷം"
english_title: "Mammootty and Mohanlal to make history at Patriot trailer launch"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351124/mammootty-and-mohanlal-to-make-history-at-patriot-trailer-launch"
published_at: "2026-04-02T13:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce266433ff1_12.jpg"
keywords: []
---

# പേട്രിയറ്റ് ട്രെയിലർ ലോഞ്ച് ചരിത്രമാകാൻ മമ്മൂട്ടിയും മോഹൻലാലും; തൃശ്ശൂരിലും കൊച്ചിയിലും ഒരേസമയം ആഘോഷം

> **Lead Summary:** **കൊച്ചി: [**[ ] മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റിന്റെ’ ട്രെയിലർ ലോഞ്ച് ചരിത്ര സംഭവമാകാനൊരുങ്ങുന്നു. ഏപ്രിൽ നാലിന് വൈകുന്നേരം ആറ് മണിക്ക് കേരളത്തിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ ഒരേസമയം മെഗാതാരങ്ങളുടെ സാന്നിധ്യത്തിലാണ് ട്രെയിലർ പുറത്തിറക്കുക.

## Article Content

**കൊച്ചി: [**[ ] മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റിന്റെ’ ട്രെയിലർ ലോഞ്ച് ചരിത്ര സംഭവമാകാനൊരുങ്ങുന്നു. ഏപ്രിൽ നാലിന് വൈകുന്നേരം ആറ് മണിക്ക് കേരളത്തിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ ഒരേസമയം മെഗാതാരങ്ങളുടെ സാന്നിധ്യത്തിലാണ് ട്രെയിലർ പുറത്തിറക്കുക.

തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും ആരാധകർക്കൊപ്പം ചേർന്ന് ട്രെയിലർ ലോഞ്ച് നിർവഹിക്കും. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രണ്ട് സൂപ്പർതാരങ്ങൾ ഒരേസമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ ഒരു സിനിമയുടെ ട്രെയിലർ പ്രകാശനം ചെയ്യുന്നത്.

പതിനെട്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഈ ചിത്രം പ്രഖ്യാപന സമയം മുതൽക്കേ വലിയ ചർച്ചയായിരുന്നു. മെയ് ഒന്നിന് ആഗോള റിലീസിനെത്തുന്ന ‘പേട്രിയറ്റ്’ ഒരു അന്താരാഷ്ട്ര സ്പൈ ത്രില്ലറിന്റെ നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യ, ശ്രീലങ്ക, യു.കെ തുടങ്ങി വിവിധ രാജ്യങ്ങളിലായി പത്തിലധികം ഷെഡ്യൂളുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മലയാളത്തിൽ ഇന്നുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ്.

സുഷിൻ ശ്യാം സംഗീതവും മനുഷ് നന്ദൻ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും മഹേഷ് നാരായണൻ തന്നെയാണ്. പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും ലഭിച്ച വമ്പൻ സ്വീകാര്യത ട്രെയിലർ റിലീസിനായുള്ള ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351124/mammootty-and-mohanlal-to-make-history-at-patriot-trailer-launch)