തിരുവനന്തപുരം:(https://truevisionnews.com/) വിഴിഞ്ഞം മേഖലയിൽ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെക്കുകയും ആ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പുല്ലുവിള സ്വദേശിയായ ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. പതിനേഴുകാരന്റെ ബന്ധുവായ ഒന്നരവയസ്സുകാരിയുടെ നാല് ഗ്രാം തൂക്കമുള്ള സ്വർണ്ണമാല മോഷ്ടിച്ച കേസിലാണ് ഇരുവരും കുടുങ്ങിയത്.
കഴിഞ്ഞ ഒൻപതാം തീയതി വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി പതിനേഴുകാരൻ മാല കൈക്കലാക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് ജിബിൻരാജിന്റെ സഹായത്തോടെ മുക്കോലയിലെ പണയ സ്ഥാപനത്തിൽ ഇത് 35,000 രൂപയ്ക്ക് പണയം വെച്ചു. ഈ തുക ഇരുവരും വീതിച്ചെടുത്ത് ധൂർത്തടിക്കുകയായിരുന്നു. ജിബിൻരാജിന്റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.
പ്രതിയായ ജിബിൻരാജ് നേരത്തെയും ഇതേ സ്ഥാപനത്തിൽ ഏഴിലധികം സ്വർണാഭരണങ്ങൾ പണയം വെച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. ജിബിൻരാജിനെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജുവനൈൽ കോടതിയിലേക്ക് കൈമാറുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
Two youths arrested in Vizhinjam for living a luxurious life by stealing children's gold































