ഇസ്രായേലിനെ പിണക്കാനാവില്ല; ഗസ്സയിലെ പിഞ്ചുബാലികയുടെ കഥ പറയുന്ന ചിത്രത്തിന് ഇന്ത്യയിൽ വിലക്ക്

ഇസ്രായേലിനെ പിണക്കാനാവില്ല; ഗസ്സയിലെ പിഞ്ചുബാലികയുടെ കഥ പറയുന്ന ചിത്രത്തിന് ഇന്ത്യയിൽ വിലക്ക്
Mar 21, 2026 02:03 PM | By Anusree vc

( https://moviemax.in/ ) ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കഥ പറയുന്ന 'ദി വോയിസ് ഓഫ് ഹിന്ദ് റജബ്' എന്ന ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്. ചിത്രം പ്രദർശിപ്പിക്കുന്നത് ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയ ഈ ട്യുണീഷ്യൻ ചിത്രം ഓസ്കാറിലെ മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു.

ഗസ്സയിലെ ആക്രമണത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിപ്പോയ ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓസ്കാർ വേദിയിൽ പുരസ്കാരം നേടാനായില്ലെങ്കിലും, ചിത്രം പ്രദർശിപ്പിച്ച ഇടങ്ങളിലെല്ലാം വൻ ജനപിന്തുണയാണ് ലഭിച്ചത്. പ്രദർശനത്തിന് ശേഷം കാണികൾ 23 മിനിറ്റോളം എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ചിത്രത്തെ വരവേറ്റത്. ലോക മനഃസാക്ഷിയെ പിടിച്ചുലച്ച ഈ പെൺകുട്ടിയുടെ കഥ ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തുന്നതിനാണ് ഇപ്പോൾ സെൻസർ ബോർഡ് തടസ്സം നിൽക്കുന്നത്.

ഫ്രാങ്കോ-ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയ സംവിധാനം ചെയ്ത ഈ ചിത്രം മാർച്ച് 16ന് നടക്കുന്ന ഓസ്കർ പുരസ്കാര ചടങ്ങിന് മുന്നോടിയായി മാർച്ച് 6ന് ഇന്ത്യയിൽ റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിലെ വിഷയങ്ങൾ അതീവ സംവേദനക്ഷമമാണെന്നും ഇത് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്.

മുംബൈ ആസ്ഥാനമായുള്ള ജയ് വിരാത്ര എന്റർടൈൻമെന്റിന്റെ തലവൻ മനോജ് നന്ദ്‌വാനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങി ഇസ്രായേലുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളിലെല്ലാം ചിത്രം റിലീസ് ചെയ്തിട്ടുണ്ടെന്നും ഒരു സിനിമ തകർക്കാൻ കഴിയുന്നതിനേക്കാൾ ശക്തമാണ് ഇന്ത്യ-ഇസ്രായേൽ ബന്ധമെന്നും അദ്ദേഹം ബോർഡിനോട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

കുടുംബത്തോടൊപ്പം ഗസ്സയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ഇസ്രയേലിന്റെ ആക്രമണമുണ്ടാകുന്നത്. ഗസ്സ മുനമ്പിലെ അൽ-സെമാവിയിൽ, ഇസ്രയേലി സൈനികരുടെ ആക്രമണം നടക്കുന്ന സമയത്ത് അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബ് തന്റെ ബന്ധുക്കളോടൊപ്പം ഒരു കാറിൽ അഭയം തേടുകയായിരുന്നു. സൈനികരുടെ വെടിവെപ്പിൽ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. എന്നാൽ ഹിന്ദ് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസ് സംഘത്തിന് നേരെയും സൈനികാക്രമണമുണ്ടായി. ദിവസങ്ങൾക്കുശേഷം ഹിന്ദിനെയും രക്ഷാപ്രവർത്തകരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

സെൻസർ ബോർഡിന്റെ ഇരട്ടത്താപ്പിനെതിരെ വീണ്ടും വിമർശനങ്ങൾ ഉയരുകയാണ്. ഒ.എം.ജി 2 പോലുള്ള സിനിമകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ബോർഡ്, ഹൗസ്ഫുൾ 5 പോലുള്ള ചിത്രങ്ങളിലെ അശ്ലീല ചുവയുള്ള തമാശകൾക്കും സ്ത്രീവിരുദ്ധതക്കും യു/എ സർട്ടിഫിക്കറ്റ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

Content Highlight: Film about a young girl in Gaza banned in India

Next TV

Related Stories
'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

Jun 25, 2026 11:18 AM

'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര ലേറ്റസ്റ്റ് ന്യൂസ്, പ്രിയങ്ക ചോപ്ര സിനിമയിൽ നിന്നുള്ള...

Read More >>
Top Stories










News Roundup






GCC News