---
title: "'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ് "
english_title: "Director and celebrity photographer Aneesh Upasana on an unforgettable experience with Dileep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368525/director-and-celebrity-photographer-aneesh-upasana-on-an-unforgettable-experience-with-dileep"
published_at: "2026-06-26T12:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e1efe4a7b7_dileep.jpg"
keywords: ["Latest News", "Malayalam Movie Director", "Aneesh Upasana", "Actor Dileep"]
---

# 'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ് 

> **Lead Summary:** ** സം**വിധായകൻ, സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ ഇന്ന് മലയാള സിനിമയിൽ ഏറെ പ്രശസ്തനാണ് അനീഷ് ഉപാസന. മഹാനടൻ മോഹൻലാലിന്റെ ഒഫീഷ്യൽ പേജുകളിൽ കാണുന്ന ഭൂരിഭാഗം ചിത്രങ്ങളും പകർത്തിയിരിക്കുന്നത് അനീഷാണ്. 'സെല്ലുലോയിഡ്' മാഗസിന് നൽകിയ അഭിമുഖത്തിലാണ് കരിയറിന്റെ തുടക്കകാലത്ത് ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം അനീഷ് തുറന്നുപറഞ്ഞത്.

## Article Content

** സം**വിധായകൻ, സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ ഇന്ന് മലയാള സിനിമയിൽ ഏറെ പ്രശസ്തനാണ് അനീഷ് ഉപാസന. മഹാനടൻ മോഹൻലാലിന്റെ ഒഫീഷ്യൽ പേജുകളിൽ കാണുന്ന ഭൂരിഭാഗം ചിത്രങ്ങളും പകർത്തിയിരിക്കുന്നത് അനീഷാണ്. 'സെല്ലുലോയിഡ്' മാഗസിന് നൽകിയ അഭിമുഖത്തിലാണ് കരിയറിന്റെ തുടക്കകാലത്ത് ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം അനീഷ് തുറന്നുപറഞ്ഞത്.

ക്യാമറ ഓപ്പറേറ്റ് ചെയ്യാൻ മിനിറ്റുകൾ മതിയെങ്കിലും ഫ്രെയിം സെൻസും കളർ സെൻസും പ്രൊഫഷണലിസവും വരാൻ ഏറെ കഠിനാധ്വാനം വേണമെന്ന് അനീഷ് പറയുന്നു. കലൂർ സ്റ്റാൻഡിൽ നിന്ന് 20 രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് ഫിലിം ഫെയർ മാഗസിൻ വാങ്ങി, അതിലെ ചിത്രങ്ങൾ നോക്കിയാണ് അനീഷ് ലൈറ്റിംഗ് പഠിച്ചത്.

പിന്നീട് മനോരമയ്ക്കും മംഗളത്തിനും വേണ്ടി കവർ ചിത്രങ്ങൾ എടുത്തു തുടങ്ങി. ഒരു കവർ ചിത്രത്തിന് 1200 രൂപയാണ് അന്ന് ലഭിച്ചിരുന്നത്. എന്നാൽ ഒരു റോൾ ഫിലിം വാങ്ങി ഫോട്ടോയെടുത്ത്, അതിൽ നിന്ന് അവർ സെലക്ട് ചെയ്ത് ഈ തുക കയ്യിൽ കിട്ടാൻ രണ്ട് മാസത്തോളം എടുക്കുമായിരുന്നു. അതുകൊണ്ടുതന്നെ കൊച്ചിയിലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനീഷ് ഏറെ ബുദ്ധിമുട്ടി.

ആ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കൊച്ചിയിൽ വെച്ച് വ്യാസേട്ടനെ കാണുന്നതും അദ്ദേഹത്തോടൊപ്പം ദിലീപ് സിനിമയുടെ സെറ്റിലേക്ക് പോകുന്നതും. അവിടെ ഒരു മരത്തണലിൽ ഇരിക്കുകയായിരുന്ന അനീഷിനെ മാഗസിൻ ഫോട്ടോഗ്രാഫർ എന്ന നിലയിൽ ദിലീപിന് മുൻപരിചയമുണ്ടായിരുന്നു.

ഷൂട്ടിംഗ് ബ്രേക്കിനിടെ ധൈര്യം സംഭരിച്ച് ദിലീപിന്റെ മുന്നിലെത്തിയ അനീഷ് 'ഒരു 3500 രൂപ തരാമോ' എന്ന് ചോദിച്ചു. റൂം റെന്റിനായി 3500 രൂപയും ഒരു സ്റ്റുഡിയോ ഫ്ലോർ വാടകയ്ക്കെടുക്കാൻ മറ്റുള്ള തുകയുമടക്കം യഥാർത്ഥത്തിൽ പതിനായിരം രൂപയാണ് അനീഷിന് ആവശ്യമുണ്ടായിരുന്നത്.

അപരിചിതനായ ഒരാൾ വന്ന് പണം ചോദിച്ചതോടെ ദിലീപിന്റെ അസിസ്റ്റന്റ് അനീഷിനെ അവിടെനിന്ന് മാറ്റി നിർത്തി. ദിലീപ് ഒന്നും പറയാതെ കാരവാനിലേക്ക് പോവുകയും ചെയ്തു. കാര്യം അറിഞ്ഞ് ഓടിവന്ന വ്യാസേട്ടൻ അനീഷിനെ ശകാരിച്ചെങ്കിലും, അല്പം കഴിഞ്ഞപ്പോൾ ദിലീപ് അനീഷിനെ കാരവാനിലേക്ക് വിളിപ്പിച്ചു.

എന്ത് ധൈര്യത്തിലാണ് പണം ചോദിച്ചതെന്ന് ദിലീപ് ചോദിച്ചപ്പോൾ, സിനിമയിൽ കണ്ട പരിചയം വെച്ചാണ് ചോദിച്ചതെന്നും സ്റ്റുഡിയോ തുടങ്ങി പണം സമ്പാദിച്ച ശേഷം ഇത് തിരികെ തരുമെന്നും അനീഷ് മറുപടി നൽകി. അനീഷിന്റെ മറുപടി കേട്ട് ചിരിച്ച ദിലീപ്, ഒരു പതിനായിരം രൂപ എടുത്ത് നൽകിക്കൊണ്ട് പറഞ്ഞു:

> "നിങ്ങൾ ഇത് എനിക്ക് തിരിച്ചുതരുമെന്ന് തോന്നുന്നില്ല. എന്നാലും നിങ്ങളുടെ കണ്ണിൽ ഒരു ഫയറുണ്ട്. ഈ പണം നീ വെച്ചോളൂ. ഞാൻ സഹായിക്കുന്നവരിൽ ഒരാളായി നീയും ഇരിക്കട്ടെ, പണം വേസ്റ്റ് ചെയ്യരുത്."

ആ പണം വാങ്ങി നാട്ടിലെത്തിയ അനീഷ് സ്റ്റുഡിയോ ഫ്ലോർ വാടകയ്ക്കെടുക്കുകയും ഫോട്ടോഷൂട്ടുകളിലൂടെ കരിയറിൽ വളരുകയും ചെയ്തു. പിന്നീട് അനീഷ് ഉപാസന തന്റെ ആദ്യ ചിത്രമായ 'മാറ്റിനി' സംവിധാനം ചെയ്തപ്പോൾ അതിന്റെ പൂജയ്ക്ക് സ്പെഷ്യൽ ഗസ്റ്റായി എത്തിയത് ദിലീപായിരുന്നു.

ചടങ്ങിൽ വെച്ച് അനീഷ് അന്ന് കാരവാനിൽ വെച്ച് പതിനായിരം രൂപ വാങ്ങിയ കഥ ഓർമ്മിപ്പിച്ചപ്പോൾ ദിലീപിന്റെ കണ്ണ് നിറഞ്ഞൊഴുകിയെന്നും, അന്ന് ആ പണം തിരികെ നൽകാൻ നോക്കിയെങ്കിലും ദിലീപ് അത് വാങ്ങിയില്ലെന്നും അനീഷ് ഉപാസന ഓർത്തെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368525/director-and-celebrity-photographer-aneesh-upasana-on-an-unforgettable-experience-with-dileep)