---
title: "ആലിയയെ വീഴ്ത്തി സാമന്തയുടെ തേരോട്ടം; ബോളിവുഡ് കോട്ട തകർത്ത് തെന്നിന്ത്യൻ സുന്ദരിമാർ, ഓർമാക്സ് പട്ടിക പുറത്ത്"
english_title: "Ormax Media Popularity List, Samantha, Alia Bhatt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368004/ormax-media-popularity-list-samantha-alia-bhatt"
published_at: "2026-06-24T11:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b76cb5ffbc_Samantha,_Alia_Bhatt,_Nayanthara.jpg"
keywords: ["Samantha", "Alia Bhatt", "Sai Pallavi", "Ormax Media", "PanIndian Actress", "Bollywood"]
---

# ആലിയയെ വീഴ്ത്തി സാമന്തയുടെ തേരോട്ടം; ബോളിവുഡ് കോട്ട തകർത്ത് തെന്നിന്ത്യൻ സുന്ദരിമാർ, ഓർമാക്സ് പട്ടിക പുറത്ത്

> **Lead Summary:** ഇന്ത്യൻ സിനിമാലോകത്ത് ഏറ്റവും ജനപ്രീതിയുള്ള നായികാ താരങ്ങളുടെ പുതിയ പട്ടിക ഓർമാക്സ് മീഡിയ പുറത്തുവിട്ടു. മെയ് മാസത്തെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളികൾക്ക് ഉൾപ്പെടെ ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ മുൻനിര നടി സാമന്തയാണ് ജനപ്രീതിയിൽ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ബോളിവുഡിന്റെ സൂപ്പർ നായിക ആലിയ ഭട്ടിനെ പിന്തള്ളിക്കൊണ്ടാണ് സാമന്ത വീണ്ടും ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്.

## Article Content

ഇന്ത്യൻ സിനിമാലോകത്ത് ഏറ്റവും ജനപ്രീതിയുള്ള നായികാ താരങ്ങളുടെ പുതിയ പട്ടിക ഓർമാക്സ് മീഡിയ പുറത്തുവിട്ടു. മെയ് മാസത്തെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളികൾക്ക് ഉൾപ്പെടെ ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ മുൻനിര നടി സാമന്തയാണ് ജനപ്രീതിയിൽ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ബോളിവുഡിന്റെ സൂപ്പർ നായിക ആലിയ ഭട്ടിനെ പിന്തള്ളിക്കൊണ്ടാണ് സാമന്ത വീണ്ടും ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്.

ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള താരം ദീപിക പദുക്കോണാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് തെന്നിന്ത്യയില്‍ നിന്നുള്ള മുൻനിര താരം രശ്‍മിക മന്ദാനയാണ്. തൊട്ടു പിന്നില്‍ തെന്നിന്ത്യൻ താരം കാജല്‍ അഗര്‍വാളാണ്.

തെന്നിന്ത്യയുടെ പ്രിയ താരവും മലയാളിയുമായ നയൻതാര ആറാം സ്ഥാനത്തേയ്‍ക്ക് മുന്നേറി. ഏഴാം സ്ഥാനത്ത് സായ് പല്ലവിയാണ്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.

തൊട്ടുപിന്നാലെ കൃതി സനോണും പട്ടികയില്‍ ഇടംനേടിയപ്പോള്‍ ഒമ്പതാമത് തമിഴ് താരം തൃഷയും പത്താമത് കത്രീന കൈഫും എത്തി. ഇന്ത്യയിലെ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക എടുത്തപ്പോള്‍ വെറും നാല് ബോളിവുഡ് താരങ്ങള്‍ക്കേ ആദ്യ പത്തില്‍ ഇടം നേടാനായുള്ളൂ എന്നതാണ് പ്രധാന പ്രത്യേകത. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഓര്‍മാക്സ് പുറത്തുവിട്ട പട്ടിക തെളിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/368004/ormax-media-popularity-list-samantha-alia-bhatt)