---
title: "കൈകൾ പിന്നിൽ കെട്ടി അയ്യർ വീണ്ടും വരുന്നു; സിബിഐ സീരീസിലെ ആറാം ഭാഗം ഒരുങ്ങുന്നെന്ന് റിപ്പോർട്ട്; എത്തുന്നത് പുതിയ ടീം?"
english_title: "Report: Sixth installment of CBI series in the making"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348941/report-sixth-installment-of-cbi-series-in-the-making"
published_at: "2026-03-21T12:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be47d7c0be3_Report_Sixth_installment_of_CBI_series_in_the_making.jpg"
keywords: []
---

# കൈകൾ പിന്നിൽ കെട്ടി അയ്യർ വീണ്ടും വരുന്നു; സിബിഐ സീരീസിലെ ആറാം ഭാഗം ഒരുങ്ങുന്നെന്ന് റിപ്പോർട്ട്; എത്തുന്നത് പുതിയ ടീം?

> **Lead Summary:** മലയാള സിനിമയിലെ ഐക്കോണിക് കുറ്റാന്വേഷണ പരമ്പരയായ സിബിഐ ഡയറിക്കുറിപ്പിന്റെ ആറാം ഭാഗം വരുന്നു. മമ്മൂട്ടി അനശ്വരമാക്കിയ 'സേതുരാമയ്യർ' എന്ന കഥാപാത്രം വീണ്ടും സ്ക്രീനിലെത്തുന്നു എന്ന ആവേശകരമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കെ. മധു - എസ്.എൻ. സ്വാമി കൂട്ടുകെട്ടിൽ പിറന്ന ഈ സീരീസിലെ അഞ്ച് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്.

## Article Content

മലയാള സിനിമയിലെ ഐക്കോണിക് കുറ്റാന്വേഷണ പരമ്പരയായ സിബിഐ ഡയറിക്കുറിപ്പിന്റെ ആറാം ഭാഗം വരുന്നു. മമ്മൂട്ടി അനശ്വരമാക്കിയ 'സേതുരാമയ്യർ' എന്ന കഥാപാത്രം വീണ്ടും സ്ക്രീനിലെത്തുന്നു എന്ന ആവേശകരമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കെ. മധു - എസ്.എൻ. സ്വാമി കൂട്ടുകെട്ടിൽ പിറന്ന ഈ സീരീസിലെ അഞ്ച് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്.

1988-ൽ തുടങ്ങിയ ഈ പര്യടനം 2022-ൽ പുറത്തിറങ്ങിയ 'സിബിഐ 5: ദ ബ്രെയിൻ' വരെ എത്തിനിൽക്കുകയാണ്. ചിത്രത്തിന്റെ ആറാം ഭാഗത്തിനായുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് സിനിമാ ലോകത്തുനിന്നുള്ള സൂചനകൾ.

ആദ്യ അഞ്ച് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക. രേഖാചിത്രം എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിൻ ടി ചാക്കോ ആകും ഈ ആറാം ഭാഗം ഒരുക്കാൻ പോകുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല. സിബിഐയുടെ ആദ്യ അഞ്ച് ഭാഗങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് കെ മധു ആണ്. എസ് എൻ സ്വാമി ആണ് ഈ സീരിസിലെ എല്ലാ സിനിമകളുടെയും തിരക്കഥ ഒരുക്കിയത്. ആറാം ഭാഗവുമായി സേതുരാമയ്യർ എത്തുമ്പോൾ വിജയം ആവർത്തിക്കാൻ സാധിക്കുമെന്ന് പലരും എക്സിലൂടെ കുറിക്കുന്നത്.

സിബിഐ സീരീസിലെ അഞ്ചാം ചിത്രമായാണ് സിബിഐ 5 ദി ബ്രെയ്ന്‍ എത്തിയത്. വമ്പന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിന് ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സേതുരാമയ്യർ ആയുള്ള മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധ നേടിയെങ്കിലും സിനിമയുടെ മേക്കിങ്ങും തിരക്കഥയും മറ്റു പ്രകടനങ്ങളും വിമർശനത്തിനിരയായി. ആഗോള ബോക്സ് ഓഫീസിൽ നിന്നും 37 കോടി രൂപ സിനിമ നേടിയിരുന്നു.

രഞ്ജി പണിക്കര്‍, സുദേവ്, ആശ ശരത്ത് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു സിബിഐ 5. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989-ല്‍ ജാഗ്രത, 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഒരേ സംവിധായകനും നായകനും ഒന്നിച്ചുള്ള അഞ്ചാം ഭാഗം ഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348941/report-sixth-installment-of-cbi-series-in-the-making)