കോട്ടയം: [truevisionnews.com] വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന്റെ അവയവദാനത്തെ കേരളം ആഘോഷിക്കുമ്പോൾ, വിഷയത്തിൽ രൂക്ഷവിമർശനവുമായി ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ എതിരൻ കതിരവൻ രംഗത്തെത്തി.
ആലിനെ വെറുമൊരു പ്രതീകമാക്കി മാറ്റി ആഘോഷിക്കുന്ന മലയാളികളുടെ രീതി ലജ്ജിപ്പിക്കുന്നതാണെന്നും യഥാർത്ഥ ഉത്തരവാദിത്തങ്ങളിൽ നിന്ന് നമ്മൾ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലായിരുന്നു ഈ അപകടം നടന്നതെങ്കിൽ കുഞ്ഞിന്റെ മാതാപിതാക്കൾ ജയിലിൽ ആയേനെയെന്ന് അദ്ദേഹം കുറിച്ചു. അപകടത്തിൽ മാതാപിതാക്കൾക്ക് കാര്യമായ പരിക്കേറ്റിട്ടില്ല എന്നതും കൃത്യമായ മുൻകരുതൽ എടുത്തിരുന്നെങ്കിൽ കുഞ്ഞിന്റെ മരണം ഒഴിവാക്കാമായിരുന്നു എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കാറുകളിൽ ചൈൽഡ് സീറ്റ് (Baby seat) കർശനമാക്കുന്നതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും നമ്മുടെ അനാസ്ഥയാണ് ആ കുഞ്ഞിനെ കൊന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
കുട്ടികളെ ഡ്രൈവർ സീറ്റിൽ മടിയിലിരുത്തി വാഹനം ഓടിക്കുന്നവരുടെ പ്രവണതയെയും അദ്ദേഹം വിമർശിച്ചു. മിണ്ടാപ്രാണികളായ കുഞ്ഞുങ്ങളെ ഇത്തരം അപകടസാധ്യതയുള്ള വിനോദങ്ങളിൽ പെടുത്തുന്നവർ യഥാർത്ഥത്തിൽ മാതാപിതാക്കൾ തന്നെയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു.
സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് മുരളി തുമ്മാരുകുടിയെപ്പോലെയുള്ളവർ നിരന്തരം പറഞ്ഞിട്ടും ആരും അത് ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആലിന്റെ അവയവദാന മാതൃകയെ ആദരിച്ചുകൊണ്ട് കോഴിക്കോട് ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് 'ആലിൻ' എന്ന് പേര് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
ഷെറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട ശേഷമാണ് സർക്കാർ ഈ തീരുമാനം അറിയിച്ചത്.
Opponent Kathiravan criticizes Alin Sherin Abraham's organ donation

































